ADVERTISEMENT

കളമശേരി ∙ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്കു കൊണ്ടുവന്ന ഓട്ടോക്ലേവ്  (ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന യന്ത്രം) ഇറക്കുന്നതിൽ കൂലിത്തർക്കമുണ്ടെന്ന കമ്പനിയുടെ വാദം പൊളിഞ്ഞു. ഇന്നലെ രാവിലെ ലോജിസ്റ്റിക്സ് ഏജൻസിയിൽ നിന്നു എത്തിച്ച യന്ത്രം കൂലിയൊന്നും വാങ്ങാതെ ഐഎൻടിയുസി തൊഴിലാളികൾ ആശുപത്രിയിൽ ഇറക്കിവച്ചു. ലോറി ഡ്രൈവർ കൂലിയായി 2500 രൂപ നീട്ടിയെങ്കിലും നിരസിച്ച അവർ തങ്ങൾ സൗജന്യമായിട്ടാണ് യന്ത്രം ഇറക്കിയതെന്നു കൂലിത്തർക്കം ആരോപിച്ച തയ്മോൾ ഓട്ടോക്ലേവ് ഇന്ത്യ കമ്പനിയെ രേഖാമൂലം അറിയിച്ചാൽ മാത്രം മതിയെന്നു ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് തൊഴിലാളികൾ യന്ത്രം സൗജന്യമായി ഇറക്കിയെന്നും എത്രയും പെട്ടെന്നു ഓട്ടോക്ലേവ് യന്ത്രം ഒന്നാം നിലയിൽ സ്ഥാപിച്ചു നൽകണമെന്നും മെഡിക്കൽ സൂപ്രണ്ട് തയ്മോൾ ഓട്ടോക്ലേവ് ഇന്ത്യക്ക് കത്തയച്ചു. മാർച്ച് 19 മുതൽ തുടർന്ന അനിശ്ചിതത്വമാണ് ഇന്നലെ അവസാനിച്ചത്. തൊഴിലാളികളിൽ പഴിചാരി യന്ത്രം തിരിച്ചുകൊണ്ടുപോകാനുള്ള കമ്പനിയുടെ ശ്രമങ്ങളും ഇതോടെ പൊളിഞ്ഞു. പാതാളത്തെ ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ടു 35 ദിവസമായി. ഓട്ടോക്ലേവ് യന്ത്രം തകരാറിലായതാണു കാരണം. 

ഏലൂർ പാതാളം ഇഎസ്ഐ ആശുപത്രിയിൽ തൊഴിലാളികൾ സൗജന്യമായാണ് ഓട്ടോക്ലേവ് ഇറക്കിവച്ചതെന്നു കാണിച്ചു കൂലിത്തർക്കം ആരോപണം ഉന്നയിച്ച ഹരിയാന കമ്പനിക്ക് ആശുപത്രി അധികൃതർക്ക് അയച്ച കത്ത്.
ഏലൂർ പാതാളം ഇഎസ്ഐ ആശുപത്രിയിൽ തൊഴിലാളികൾ സൗജന്യമായാണ് ഓട്ടോക്ലേവ് ഇറക്കിവച്ചതെന്നു കാണിച്ചു കൂലിത്തർക്കം ആരോപണം ഉന്നയിച്ച ഹരിയാന കമ്പനിക്ക് ആശുപത്രി അധികൃതർക്ക് അയച്ച കത്ത്.

ഇതുമൂലം രോഗികൾ വലയുകയാണ്. ശസ്ത്രക്രിയ വൈകുന്നതിൽ രോഗികളെല്ലാം ആശങ്കയിലാണ്. ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ മുടങ്ങുന്നത് വ്യവസായമേഖലയിലെ നൂറുകണക്കിനു തൊഴിലാളികളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. എത്തിച്ച യന്ത്രം എത്രയും പെട്ടെന്നു പ്രവർത്തനക്ഷമമാക്കി ശസ്ത്രക്രിയകൾ പുനരാരംഭിക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെട്ടു. തൊഴിൽ തർക്കമെന്ന വാദം ലോജിസ്റ്റിക് ഏജൻസി കെട്ടിച്ചമച്ചതാണെന്നും തങ്ങളുമായി ഒരിക്കൽ പോലും ചർച്ച നടന്നിട്ടില്ലെന്നും ഐഎൻടിയുസി യൂണിയൻ നേതാക്കൾ പറഞ്ഞു. തങ്ങൾ കൂടി ആശ്രയിക്കുന്ന ആതുര സ്ഥാപനത്തിലേക്കു കൊണ്ടുവന്നിട്ടുള്ള വസ്തുക്കൾ ഇതിനു മുൻപും തർക്കത്തിനിടയാക്കാതെ  ഇറക്കിയിട്ടുണ്ടെന്നും തൊഴിലാളികളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അവർ ആരോപിച്ചു. ആതുരാലയമായതിനാൽ സൗജന്യ നിരക്കിൽ യന്ത്രം ഇറക്കിവയ്ക്കുന്നതിനു തങ്ങൾ തയാറാണെന്ന് അറിയിച്ചിട്ടും ലോജിസ്റ്റിക് ഏജൻസി യന്ത്രം എത്തിക്കാൻ തയാറായിരുന്നില്ല.

ഓട്ടോക്ലേവ് യന്ത്രം ഇറക്കുന്നതിനുണ്ടായ കാലതാമസം ഒഴിവാക്കുന്നതിനു ആശുപത്രി വികസനസമിതി അംഗം ഒ.എ.നിസാമിന്റെ നേതൃത്വത്തിൽ സമിതി അംഗങ്ങളും സജീവമായി ഇടപെട്ടു. ലോജിസ്റ്റിക് ഏജൻസിയിൽ അവർ ചെലുത്തിയ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണു ഇന്നലെ രാവിലെ  യന്ത്രം ആശുപത്രിയിലേക്ക് എത്തിക്കാൻ ഏജൻസിയെ നിർബന്ധിതമാക്കിയത്.യന്ത്രം തിരികെ കൊണ്ടുപോകാൻ ജെം (ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ്) പോർട്ടൽ വഴി ഇഎസ്ഐ ആശുപത്രി നൽകിയ ഓർഡർ റദ്ദാക്കണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാതെ മെഡിക്കൽ സൂപ്രണ്ടും കടുത്ത നിലപാ‌ടെടുത്തു. കരാർ വ്യവസ്ഥകൾ പാലിക്കാത്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കാൻ സൗജന്യ സേവനം ലഭ്യമാക്കിയ തൊഴിലാളികളെ മെഡിക്കൽ സൂപ്രണ്ട് അഭിനന്ദിച്ചു.

2 ദിവസത്തിനകം ഓട്ടോക്ലേവ് പ്രവർത്തിപ്പിക്കും
ആശുപത്രിയിൽ എത്തിച്ച യന്ത്രങ്ങൾ ഇറക്കിയ വിവരത്തിന് അറിയിപ്പു കിട്ടി 2 ദിവസത്തിനകം യന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യന്ത്രങ്ങൾ നിർമിച്ച ഹരിയാനയിലെ തയ്മോൾ ഓട്ടോക്ലേവ് ഇന്ത്യ അറിയിച്ചതായി സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി അറിയിച്ചു.കേടായ ഓട്ടോക്ലേവ് യന്ത്രത്തിനു പകരമായി എത്തിച്ച യന്ത്രങ്ങൾ കൂലിത്തർക്കം ആരോപിച്ചു ആശുപത്രിയിൽ ഇറക്കാത്ത പ്രശ്നം പരിഹരിക്കപ്പെട്ടതായി ലീഗൽ സർവീസ് അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച മലയാള മനോരമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശ പ്രകാരം  ലീഗൽ സർവീസസ് അതോറിറ്റി ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു.  സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്കു പുറമേ ജില്ലാ നിയമ സേവന അതോറിറ്റിയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com