ADVERTISEMENT

കാക്കനാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 2,294 പോളിങ് ബൂത്തുകൾ ഇന്നു സജ്ജമാകും. പോളിങ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ വോട്ടെടുപ്പു സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെടും. വൈകിട്ടോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥർ എത്തുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ, റൂറൽ എസ്പി വൈഭവ് സക്സേന എന്നിവർ പറഞ്ഞു. ഇന്നു രാത്രി പോളിങ് ഉദ്യോഗസ്ഥരുടെ താമസം ബൂത്തുകളിലാണ്. രോഗമോ മറ്റു കാരണങ്ങൾ മൂലമോ ആരെയെങ്കിലും മാറ്റേണ്ടി വന്നാൽ പകരം നിയമിക്കാൻ തൊള്ളായിരത്തോളം ജീവനക്കാരെ റിസർവിൽ കരുതിയിട്ടുണ്ട്.

വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് 8ന് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ആരംഭിക്കും. വോട്ടിങ് യന്ത്രം ഉൾപ്പെടെ അൻപതോളം സാമഗ്രികളാണു ബൂത്തുകളിലേക്കു കൊണ്ടു പോകുന്നത്. സാമഗ്രികളും ജീവനക്കാരെയും ബൂത്തുകളിലെത്തിക്കാൻ 288 സ്വകാര്യ ബസുകൾ ഉൾപ്പെടെ 513 വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥരാണു ഭൂരിഭാഗം ബൂത്തുകളിലെയും പ്രിസൈഡിങ് ഓഫിസർമാർ. മൂന്നു പോളിങ് ഓഫിസർമാർ ഇവരെ സഹായിക്കാനുണ്ടാകും. ഏതാനും ബൂത്തുകളിലേക്ക് മാത്രം മൈക്രോ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.

പട്രോളിങ്ങിന് 232 സെക്ടറൽ ഓഫിസർമാർ
കാക്കനാട്∙ ഇന്നു വൈകുന്നേരത്തോടെ പോളിങ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തിയ ശേഷം അവർക്കുള്ള സൗകര്യങ്ങൾ പരിശോധിക്കാനും സാമഗ്രികളുടെ കൃത്യത ഉറപ്പാക്കാനും 232 സെക്ടറൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ഇന്നു വൈകിട്ടു മുതൽ ഇവരുടെ പട്രോളിങ് ഉണ്ടാകും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പട്രോളിങ്. എല്ലാ പോളിങ് ഉദ്യോഗസ്ഥരും ബൂത്തിൽ ഹാജരായിട്ടുണ്ടോയെന്നാകും ആദ്യ പരിശോധന. വോട്ടെടുപ്പ് സാമഗ്രികളുടെ കുറവുണ്ടായാൽ ഇവർ എത്തിച്ചു കൊടുക്കും. വോട്ടിങ് യന്ത്രങ്ങൾ തകരാറിലായാൽ പകരം യന്ത്രം നൽകുന്നതും ഇവരാണ്. പോളിങ് ബൂത്തുകളിലെ സ്ഥിതി ഗതികൾ പരിശോധിച്ചു ഓരോ രണ്ടു മണിക്കൂറിലും കലക്ടറേറ്റിലെ കൺട്രോൾ റൂമിലേക്ക് റിപ്പോർട്ട് നൽകുന്നതും സെക്ടറൽ ഓഫിസർമാരാണ്.

പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ 14 കേന്ദ്രങ്ങൾ
കാക്കനാട്∙ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതൽ പോളിങ് സാമഗ്രികളുടെ വിതരണം. എറണാകുളം നിയമസഭാ മണ്ഡലം: എസ്ആർവി സ്കൂൾ. തൃപ്പൂണിത്തുറ: മഹാരാജാസ് കോളജ്. തൃക്കാക്കര: എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ. കളമശേരി, പറവൂർ: എസ്എൻഎച്ച്എസ്എസ് പുല്ലംകുളം. കൊച്ചി: മട്ടാഞ്ചേരി ടിഡിഎച്ച്എസ്. വൈപ്പിൻ: കൊച്ചിൻ കോളജ് അനക്സ് കൂവപ്പാടം. പെരുമ്പാവൂർ: ഗവ.ബോയ്സ് എച്ച്എസ്. അങ്കമാലി, ആലുവ: യുസി കോളജ്. കുന്നത്തുനാട്: പെരുമ്പാവൂർ ആശ്രമം സ്കൂൾ. പിറവം, മൂവാറ്റുപുഴ: നിർമല സ്കൂൾ. കോതമംഗലം: എംഎ കോളജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com