187–ാം നമ്പർ കൊച്ചി മെട്രോ പില്ലർ ജീവനെടുത്തവരുടെ എണ്ണം അഞ്ചായി; ദേശീയപാതയിലെ അപകടക്കെണി
Mail This Article
ആലുവ∙ മുട്ടം മെട്രോ സ്റ്റേഷനു സമീപത്തെ 187–ാം നമ്പർ പില്ലർ ജീവനെടുത്തവരുടെ എണ്ണം ഇതോടെ അഞ്ചായി. കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ എത്തിയ അച്ഛനും മകളും റോഡരികിൽ നിന്ന മറ്റൊരാളുമാണ് ഇതിനു മുൻപുണ്ടായ അപകടത്തിൽ മരിച്ചത്. നിയന്ത്രണംവിട്ട കാർ അന്ന് ഓട്ടോയിൽ ഇരുന്ന രണ്ടുപേരെയും വഴിയിൽ നിന്നയാളെയും ഇടിച്ചു തെറിപ്പിച്ചു മെട്രോ തൂണിൽ തട്ടി നിൽക്കുകയായിരുന്നു. ആലുവ– എറണാകുളം ദേശീയപാതയിൽ മുട്ടം മെട്രോ സ്റ്റേഷനും തൂണിനും ഇടയ്ക്കുള്ള ചെറിയ വളവും അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
മെട്രോ തൂണിൽ ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു
ആലുവ∙ ദേശീയപാതയിൽ മുട്ടം മെട്രോ സ്റ്റേഷനു സമീപം കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ടു മെട്രോ തൂണിൽ ഇടിച്ച് ലോറി ജീവനക്കാരായ 2 ആന്ധ്ര സ്വദേശികൾ സംഭവ സ്ഥലത്തു മരിച്ചു. നെല്ലൂർ മൈപാഡ് റോഡ് അഹ്മദ് നഗർ സ്വദേശി ഷെയ്ഖ് ഹബീബ് ബാഷ (49), നെല്ലൂർ ഭഗത് സിങ് കോളനിയിൽ മല്ലികാർജുന (42) എന്നിവരാണു മരിച്ചത്.
അരൂരിലെ മത്സ്യ കയറ്റുമതി സ്ഥാപനത്തിലേക്ക് ആന്ധ്രയിൽ നിന്നു ചെമ്മീനുമായി പോയ ലോറി പുലർച്ചെ 2നു മെട്രോയുടെ 187–ാം നമ്പർ തൂണിലാണ് ഇടിച്ചത്. അപകട ശബ്ദം കേട്ടു നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ മരിച്ചു. ലോറിയുടെ കാബിനും മെട്രോ തൂണിനും ഇടയിൽ കുടുങ്ങിയ ക്ലീനറെ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. കാബിനും ഷാസിയും തമ്മിലുള്ള ബന്ധം വേർപെട്ടു. ഇതിനിടെ അപകട സ്ഥലത്തു കൂടി കടന്നുപോയ കാറിൽ മറ്റൊരു ലോറി തട്ടി കാർ യാത്രികർക്കു നിസ്സാര പരുക്കേറ്റു.
അപകടത്തിൽ പെട്ട ലോറിയിൽ ഉണ്ടായിരുന്ന ചെമ്മീൻ രാവിലെ മറ്റൊരു വാഹനത്തിൽ അരൂരിലേക്കു കൊണ്ടുപോയി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പൊലീസ് സംശയിക്കുന്നു. വർഷങ്ങളായി ആന്ധ്രയിൽ നിന്ന് അരൂരിലേക്കു ചെമ്മീനുമായി എത്തുന്നവരാണ് മരിച്ച രണ്ടുപേരും.
ലോറി അങ്കമാലി പിന്നിട്ടപ്പോൾ ഡ്രൈവറുമായി ഫോണിൽ സംസാരിച്ചുവെന്നും ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്തുവെന്നും കമ്പനി പ്രതിനിധികൾ പൊലീസിനോടു പറഞ്ഞു.