ADVERTISEMENT

എളങ്കുന്നപ്പുഴ∙ വിനോദസഞ്ചാരികളുടെ മനം കവരുന്ന പുതുവൈപ്പ് ബീച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോഴും വികസന മുരടിപ്പിൽ. മികച്ച റോഡിലൂടെ എത്താവുന്ന ബീച്ചിൽ കഴിഞ്ഞ വർഷം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഒഴിച്ചാൽ അടിസ്ഥാന സൗകര്യങ്ങളില്ല. ജനങ്ങൾ മുൻകൈ എടുത്ത് വർഷംതോറും നടത്തുന്ന പുതുവൈപ്പ് ബീച്ച് ടൂറിസംമേള ആയിരങ്ങളെയാണു ഇവിടേക്കു ആകർഷിക്കുന്നത്. ഒഴിവ് ദിനങ്ങളിലും വിദേശികളടക്കം ഒട്ടേറെ പേർ  എത്തുന്നു. വെള്ളമണൽപ്പരപ്പുള്ള വിശാലമായ തീരവും ശാന്തമായ തീരക്കടലുമാണു പ്രത്യേകത. 

വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ നിന്നു ഗോശ്രീ ജംക്‌ഷൻ എൽഎൻജി റോഡ്,ബെൽബോ സൗത്ത് പുതുവൈപ്പ് റോഡ്,പുതുവൈപ്പ് ബീച്ച് റോഡ്,വളപ്പ് ബീച്ച് റോഡ് എന്നിവയിലൂടെ ബീച്ചിലെത്താം. സൂര്യാസ്തമയം കണ്ടു മടങ്ങാനാണ് പലർക്കും താൽപര്യം. ബീച്ചിൽ എത്തുന്നവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. ബീച്ചിലേക്കു പ്രവേശന കവാടത്തിൽ റോഡിനു പകരം മെറ്റൽ വിരിച്ച വഴിമാത്രം. ലഘുഭക്ഷണ ശാലകളും ഇല്ല. ഇവിടെ നടപ്പാത നിർമിക്കണമെന്നും ഇരിക്കാൻ ബെഞ്ചുകൾ ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുകയാണ്. 

കടലിൽ കുളിക്കാനിറങ്ങുന്നവർക്കു വസ്ത്രം മാറാനുളള സൗകര്യവും ഏർപ്പെടുത്തണം. വികസനം നടന്നാൽ എറണാകുളത്തിന് തൊട്ടടുത്തു കിടക്കുന്ന ബീച്ച് എന്നനിലയിൽ കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾ ഇവിടേയ്ക്കെത്താൻ സാധ്യത ഏറെയാണ്. ഡിടിപിസിയെക്കൊണ്ട് പുതുവൈപ്പ് ബീച്ച് ഏറ്റെടുപ്പിച്ച്  വികസന പ്രവർത്തനങ്ങൾ നടത്താൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന മുറവിളിക്കു വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും നടപടി അകലെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com