ADVERTISEMENT

കൊച്ചി ∙ ദേശീയപാതയിൽ ചക്കരപ്പറമ്പിൽ ഇന്നലെ രാവിലെ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ആലുവ കുന്നത്തേരി മുഹമ്മദ് സജാദ് (22), മുട്ടം പരുത്തിക്കാട് റോബിൻ (30) എന്നിവരാണു മരിച്ചത്.  എളംകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരാണ് ഇരുവരും. ചക്കരപ്പറമ്പിൽ റോഡരികിൽ നിർത്തിയ കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ദീർഘദൂര സർവീസ് നടത്തുന്ന സ്കാനിയ ബസ് ഇടിക്കുകയായിരുന്നു. ബസുകൾക്കിടയിലാണു യുവാക്കൾ സഞ്ചരിച്ച ബൈക്ക് അകപ്പെട്ടത്. മഴയിൽ റോഡ് നനഞ്ഞുകിടന്നതിനാൽ ബ്രേക്ക് ചെയ്തിട്ടും സ്കാനിയ ബസ് നിയന്ത്രിക്കാൻ ഡ്രൈവർക്കു കഴിയാതിരുന്നതാണ് അപകട കാരണമെന്നു പറയപ്പെടുന്നു. ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം.

ദേശീയപാത ചക്കരപ്പറമ്പിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ഓർഡിനറി ബസ്.
ദേശീയപാത ചക്കരപ്പറമ്പിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ഓർഡിനറി ബസ്.

ഒന്നിച്ചിറങ്ങി; ഒന്നിച്ചുമടങ്ങി
സുഹൃത്തുക്കളായ സജാദിന്റെയും റോബിന്റെയും വേർപാട് ചൂർണിക്കര ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇരുവരുടെയും വീടുകൾ സ്ഥിതി ചെയ്യുന്ന കുന്നത്തേരിയും പരുത്തിക്കാടും അടുത്തടുത്ത പ്രദേശങ്ങളാണ്. ദിവസവും  ജോലിക്കു പോകുന്നതും മടങ്ങുന്നതും ബൈക്കിൽ ഒരുമിച്ചാണ്.  കിടങ്ങേത്ത് സിറാജിന്റെയും സൗദയുടെയും മകനാണു മുഹമ്മദ് സജാദ്. സഹോദരി: ഷെറീന. കബറടക്കം നടത്തി. പരുത്തിക്കാട് പുത്തൻചിറ പീറ്ററിന്റെയും ഏലിക്കുട്ടിയുടെയും മകനാണു റോബിൻ. ഭാര്യ: ഷൈബി. മക്കൾ: ആദം ജോൺ, നഥാൻ. സംസ്കാരം ഇന്ന്  1.30നു കളമശേരി വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ. സഹോദരൻ: സിബിൻ.

റോബിന്റെ രണ്ടാമത്തെ മകൻ ജനിച്ചത് ഒന്നര മാസം മുൻപാണ്. മീൻ കച്ചവടക്കാരനായിരുന്ന പിതാവ് പീറ്റർ പക്ഷാഘാതത്തെ തുടർന്നു വിശ്രമത്തിലാണ്. 3 സെന്റിലെ പഴയ കൊച്ചു വീട് പുതുക്കിപ്പണിയണമെന്ന സ്വപ്നം സഫലമാക്കാനുള്ള കഠിനാധ്വാനത്തിലായിരുന്നു റോബിൻ.  സജാദിന്റെ പിതാവ് സിറാജ്  ഡ്രൈവറാണ്. അടുത്തിടെ പഴയ വീടു പുതുക്കി പണിതിരുന്നു. അതിന്റെ ബാധ്യതകൾ പിതാവിന് ഒറ്റയ്ക്കു തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഒരു വർഷം മുൻപു സജാദ് പെട്രോൾ പമ്പിൽ ജോലിക്കു ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com