ADVERTISEMENT

കൊച്ചി∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളിൽ സമീപഭാവിയിൽ സ്വകാര്യ മേഖലയ്ക്കു വലിയ പങ്കാളിത്തം നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു. ജയ്ജി പീറ്റർ അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജയ്ജി പീറ്റർ ഫൗണ്ടേഷനും ചാവറ കൾചറൽ സെന്ററുമാണു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾക്കുള്ള ഏറ്റവും വലിയ റോക്കറ്റായ എൽവിഎം–3 യുടെ നിർമാണത്തിനു സ്വകാര്യ മേഖലയെ പങ്കെടുപ്പിക്കാൻ ശ്രമം തുടങ്ങി. ഭാവിയിൽ ഗഗൻയാൻ, സ്പേസ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികളും ഐഎസ്ആർഒയും സ്വകാര്യ കമ്പനികളുടെ കൺസോർഷ്യവും ചേർന്നു നടത്തും. 

ബഹിരാകാശ ഗവേഷണത്തിനു പണം മുടക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനായി അമേരിക്ക സാങ്കേതിക വിദ്യാരംഗത്തു നടത്തിയ നിക്ഷേപമാണ് ആ രാജ്യത്തെ ലോകത്തിന്റെ മുൻനിരയിലേക്കു നയിച്ചത്. സാങ്കേതിക വിദ്യാരംഗത്തു വളരുന്നതിലൂടെ ഇന്ത്യക്ക് ഏറെ വികസിക്കാൻ സാധിക്കും. അതു മനസിലാക്കി അധികാര കേന്ദ്രങ്ങൾ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ഡോ. സോമനാഥ് പറഞ്ഞു. 

ഫൗണ്ടേഷൻ പ്രസിഡന്റ് ജോസഫ് ജെ. കരൂർ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ വി.കെ. രവിവർമ തമ്പുരാൻ, ഫൗണ്ടേഷൻ രക്ഷാധികാരി ജോസ് പീറ്റർ, മുൻ വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫൗണ്ടേഷൻ സെക്രട്ടറി കെ.ആർ. ജ്യോതിഷ്, ജോ. സെക്രട്ടറി ഇ.പി. ഷാജുദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com