ADVERTISEMENT

കുറുപ്പംപടി ∙ മഞ്ഞപ്പിത്തം ബാധിച്ച് ഒരു കുടുംബത്തിലെ 6 പേർ. പണിക്കു പോയിട്ട് ഒരു മാസമാകുന്നു. എന്തു ചെയ്യണമെന്നറിയാതെ മുറ്റത്തു നിൽക്കുകയാണ് കുടുംബനാഥൻ വേങ്ങൂർ നായരങ്ങാടി എസ്ടി കോളനിയിലെ വള്ളിക്കാകുടി കെ.കെ.മനോജ്. വനത്തിൽ പോയി ഔഷധസസ്യങ്ങൾ ശേഖരിച്ച് അങ്ങാടിക്കടയിൽ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. രോഗം മൂലം വിഷുവിനു ശേഷം കാട്ടിൽ പോയിട്ടില്ല. ഇദ്ദേഹത്തിനും ഭാര്യയ്ക്കും 2 ആൺ മക്കൾക്കും അവരുടെ ഭാര്യമാർക്കും രോഗം പിടിപെട്ടു. ഇളയ മകനു രോഗം ഭേദമായി. ‘ആയുർവേദ മരുന്നാണ് കഴിക്കുന്നത്. 4 ദിവസത്തേക്ക് ഒരാൾക്ക് 500 രൂപ വേണം. 3000 രൂപയാണ് 6 പേർക്ക് 4 ദിവസത്തേക്ക് വേണ്ടത്. 4 തവണ ഇതുവരെ കഴിച്ചു. പൂർണമായി മാറിയിട്ടില്ല. ഇനിയും മരുന്നു കഴിക്കണം. റേഷൻ കിട്ടുന്നതു കൊണ്ട് ആഹാരം കഴിച്ചു പോകുന്നു. ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയില്ല’ മനോജ് പറഞ്ഞു.

കുടുംബം പട്ടിണിയിലേക്ക്
റബർ വെട്ടാണ് നായരങ്ങാടി എസ്ടി കോളനിയിലെ പുത്തൻപുരയ്ക്കൽ പി.എ.മഹേഷിന്റെ (40) തൊഴിൽ. മഞ്ഞപ്പിത്തം പിടിപെട്ടതോടെ രണ്ടാഴ്ചയായി ജോലിക്കു പോയിട്ട്. കുടുംബം പട്ടിണിയിലേക്കു നീങ്ങുകയാണ്. മഹേഷിനും മകനും രോഗം ബാധിച്ചു. ഭാര്യയും മകളും അമ്മയും വീട്ടിലുണ്ട്. കടം വാങ്ങിയാണ് ഇതുവരെ ചികിത്സ നടത്തിയത്.

വീട്ടിമുകളിൽ രോഗം
വീട്ടിമുകൾ കോളനിയിലെ 14 വീടുകളിൽ 12 വീടുകളിലെയും അംഗങ്ങൾക്കു രോഗം ബാധിച്ചു. ചിലർക്ക് മാറി. മറ്റുള്ളവർ ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നു. രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകൾക്കു മാത്രം 1500 മുതൽ 3000 രൂപ വരെയാണ് ചെലവ്. എല്ലാവരും കൂലിപ്പണിയെടുത്തു ജീവിക്കുന്നവരാണ്.

കിണറുണ്ട്, വെള്ളവും
നായരങ്ങാടി കോളനിയിൽ പഞ്ചായത്ത് വക കിണറുണ്ട്. എന്നാൽ ശുചീകരിക്കാത്തതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാടുകയറി മൂടിക്കിടക്കുകയാണ്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് ആശ്രയം.

ഗുരുതരാവസ്ഥയിൽ
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരിൽ ഭർത്താവും ഭാര്യയും ഉണ്ട്. വേങ്ങൂർ തൂങ്ങാലി അമ്പാടൻ ശ്രീകാന്ത് (36), ഭാര്യ അഞ്ജന (38) എന്നിവരാണ് ചികിത്സയിലുള്ളത്. ശ്രീകാന്ത് ആലുവ രാജഗിരി ആശുപത്രിയിലും അഞ്ജന എറണാകുളം ലിസി ആശുപത്രിയിലുമാണ്. വെന്റിലേറ്ററിൽ കഴിയുന്ന അഞ്ജനയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശ്രീകാന്തിന് ഡയാലിസിസ് ചെയ്തു വരികയാണ്. കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന വക്കുവള്ളി കരിയാംപുറത്ത് കാർത്യായനിയാണ് (50) അതീവ ഗുരുതരാവസ്ഥയിലുള്ള മറ്റൊരു രോഗി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com