മുൻകരുതൽ ഇല്ല; കടലിൽ ഇറങ്ങുന്നവർ അപകടത്തിൽപെടുന്നു
Mail This Article
വൈപ്പിൻ∙ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ കടലിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടൽത്തീരത്ത് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി വേണമെന്ന് ആവശ്യമുയരുന്നു. ഇത്തരത്തിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അവധിക്കാലത്തിന്റെ ആരംഭത്തിൽ തന്നെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കൊച്ചുകുട്ടികൾ അടക്കം കടലിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം പുതുവൈപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയവർ അപകടത്തിൽ പെടുകയും തിരയിൽപ്പെട്ട 3 പേർ മരിക്കുകയും ചെയ്തിരുന്നു. സമീപത്തുണ്ടായിരുന്ന നീന്തൽ വിദഗ്ധർ ഇടപെട്ടതു കൊണ്ടു മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്. എന്നാൽ ആളനക്കം കുറഞ്ഞ തീരങ്ങളിൽ ഇത്തരം അപകടം ഉണ്ടായാൽ പുറത്തറിയാൻ പോലും വൈകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിനോദ സഞ്ചാരികൾ എത്തുന്ന ചെറായി പോലുള്ള ബീച്ചുകളിൽ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകാനും അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനും ലൈഫ് ഗാർഡുകൾ ഉണ്ട്. എന്നാൽ ചെറു ബീച്ചുകളിലും മറ്റു തീരങ്ങളിലും അപകടം ഉണ്ടായാൽ ഇടപെടാൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. പലപ്പോഴും മത്സ്യത്തൊഴിലാളികളുടെയും മറ്റും ഇടപെടലാണ് ജീവഹാനി ഒഴിവാക്കുന്നത്. ഫലത്തിൽ വൈപ്പിനിലെ 25 കിലോമീറ്ററോളം വരുന്ന കടൽത്തീരത്ത് എവിടെയും എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. ചൂട് വർധിച്ചതിനാൽ ഇക്കുറി കടലിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. തിരക്ക് കൂടിയതോടെ പുതിയ ബീച്ചുകളിലേക്കും സന്ദർശകർ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ തീരത്തെ ആഴം, നീരൊഴുക്കിന്റെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ഇവരിൽ പലരും കടലിൽ കുളിക്കുന്നത്. തീരത്ത് എത്തിക്കഴിഞ്ഞാൽ ലൈഫ് ഗാർഡുമാരോടോ നാട്ടുകാരോടോ അപകടസാധ്യതകളും മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം കടലിൽ ഇറങ്ങുന്നതാണ് വിദേശികളുടെ രീതിയെങ്കിൽ നേരെ തീരത്തെത്തി കടലിലേക്ക് ചാടുന്നതാണ് ഇവിടുത്തുകാരുടെ പതിവ്. പരിസരവാസികളുടെ മുന്നറിയിപ്പുകളും മറ്റും പലരും കണക്കിലെടുക്കാറുമില്ല. തീരത്തു നിന്ന് ഏറെ അകലേക്ക് നീങ്ങി കുളിക്കാനും കളികളിൽ ഏർപ്പെടാനും പലരും മടിക്കുന്നില്ല. ലഹരിയുടെ ഉന്മാദത്തിൽ കടലിൽ ഇറങ്ങുന്നവരും കുറവല്ല.കള്ളക്കടൽ പ്രതിഭാസമുന്നറിയിപ്പുള്ള ദിവസങ്ങളിൽ പോലും വൈപ്പിൻ തീരത്ത് കടലിൽ ഇറങ്ങുന്നവരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിരുന്നില്ല.