ADVERTISEMENT

വൈപ്പിൻ∙ വ്യാജ രേഖകളുമായി അന്യരാജ്യക്കാരുൾപ്പെടെ ഒട്ടേറെ അതിഥിത്തൊഴിലാളികൾ കേരളത്തിൽ കഴിയുന്നുണ്ടെന്ന  രഹസ്യ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ  വൈപ്പിനിൽ ഇതു സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കണമെന്ന് ആവശ്യം. മത്സ്യബന്ധന മേഖലയിലേക്കും ഇതര സംസ്ഥാനക്കാർ എത്തിത്തുടങ്ങിയതോടെ വൈപ്പിനിൽ ഇക്കൂട്ടരുടെ എണ്ണത്തിൽ വലിയ വർധനയാണ്  ഉണ്ടായിട്ടുള്ളത്.  ഇക്കൂട്ടത്തിൽ ബംഗ്ലദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ഉണ്ടെന്ന് ഇടക്കാലത്തുണ്ടായ ചില സംഭവങ്ങളെ തുടർന്ന് വ്യക്തമായിരുന്നു. എന്നാൽ അതിനു ശേഷവും പരിശോധനകൾ കാര്യക്ഷമമായിട്ടില്ല. മുനമ്പം, മുരുക്കുംപാടം,കാളമുക്ക് തുടങ്ങിയ ഹാർബറുകൾ കേന്ദ്രീകരിച്ച് നേരത്തെ പണിയെടുത്തിരുന്നവരിൽ ഭൂരിഭാഗവും തമിഴ്നാട്ടുകാരായിരുന്നുവെങ്കിൽ ഇപ്പോൾ ഉത്തരേന്ത്യക്കാർ ആണ് കൂടുതൽ.

  വൈപ്പിനിൽ നിലവിൽ അയ്യായിരത്തിലേറെ ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മത്സ്യമേഖലയിലാണ് ഏറെപ്പേരും. ബാക്കിയുള്ളവർ കോഴിക്കട, ചായക്കട, ഹോട്ടലുകൾ, നിർമാണ മേഖല, ബാർബർ ഷോപ്പ് തുടങ്ങിയ മേഖലകളിൽ. അതേസമയം ഞാറയ്ക്കൽ, മുനമ്പം പൊലീസ് സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം ഇതരസംസ്ഥാന  തൊഴിലാളികൾ ആയിരത്തിൽ താഴെ മാത്രം. ഇക്കൂട്ടത്തിൽ മറ്റു രാജ്യക്കാരും ഉണ്ടെന്നതാണ് ആശങ്കയുയർത്തുന്നത്. പലപ്പോഴും ഇത്തരക്കാർ മരണമടയുമ്പോഴാണ് ആളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തുക.

കുറച്ചു നാൾ മുൻപ് മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ  ചെറായി രക്ത്വേശ്വരി ഭാഗത്ത് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ച സഹിദുൾ ഇസ്‌ലാം എന്നയാളുടെ ബന്ധുക്കളെ തിരഞ്ഞ പൊലീസ് എത്തിച്ചേർന്നത് ബംഗ്ലദേശിലാണ്. അപ്പോൾ മാത്രമാണ് ആൾ അന്യരാജ്യക്കാരനാണെന്ന് പൊലീസ് അറിയുന്നത്. മുനമ്പത്ത് മത്സ്യബന്ധന ബോട്ടിൽ പണിയെടുത്തിരുന്ന ഹിലാൽ ഷേയ്ക് എന്നയാളെ സഹപ്രവർത്തകൻ കായലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം പിന്നീടുണ്ടായി. അന്നും പൊലീസ് ബന്ധുക്കളെ തിരഞ്ഞപ്പോൾ  എത്തിയത്  ബംഗ്ലദേശിൽ. രണ്ട് മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ പൊലീസ് തന്നെ സംസ്കരിച്ചു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മേൽവിലാസവും പശ്ചാത്തലവും സംബന്ധിച്ച് പരിശോധന വേണമെന്ന് ആവശ്യമുയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com