ADVERTISEMENT

കളമശേരി ∙ പെരിയാറിലെ മത്സ്യക്കുരുതി സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടതായി മന്ത്രി പി.രാജീവ്. മത്സ്യക്കുരുതിക്കു കാരണം ജൈവമാലിന്യമോ രാസമാലിന്യമോ എന്നറിയാൻ ശാസ്ത്രീയ പഠനം തുടങ്ങി. നാശനഷ്ടമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരത്തിനുള്ള നടപടി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാകുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഉന്നത തല സമിതി അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുകൃഷി കർഷകർക്ക് ആവശ്യമായ നടപടി സ്വീകരിക്കും. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ‌‌പെരിയാറിൽ ഉൾപ്പെടെയെങ്ങും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നാണു വ്യവസായ വകുപ്പു നയം. 

പെരിയാർ സംരക്ഷിക്കാൻ സ്ഥിരം നടപടി സ്വീകരിക്കും. ഇതിന് ഉന്നതതല യോഗം ചേർന്ന് ആക്‌ഷൻ പ്ലാൻ തയാറാക്കും. പാതാളം റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകൾ തുറക്കാൻ പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കും. ഇറിഗേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, നഗരസഭ എന്നിവയിലെ മൂന്നംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാകുമിത്. പ്രദേശത്തെ വായുമലിനീകരണം തടയാൻ ജൂലൈ 31നകം എല്ലാ കമ്പനികളും ബയോ ഫിൽറ്റർ സ്ഥാപിക്കണം. ഹരിത ട്രൈബ്യൂണൽ നിർദേശം നടപ്പാക്കാൻ ഉന്നതതല യോഗം ചേരും. പെരിയാറിന്റെ തീരത്തു നിരീക്ഷണ പാതയോടു കൂടിയ ഡയഫ്രം വാൾ നിർമിക്കും. റവന്യു വകുപ്പ് ഒരു മാസത്തിനകം സർവേ നടപടി പൂർത്തിയാക്കി അതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പ് വിശദ പദ്ധതി രേഖ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക റിപ്പോർട്ട്
പെരിയാറിലെ മത്സ്യക്കുരുതി സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം കലക്ടർക്കു സമർപ്പിക്കുമെന്നു സബ് കലക്ടർ കെ .മീര. വിശദ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകും. പാതാളം റഗുലേറ്റർ ബ്രിജിലെത്തി പരിസ്ഥിതി പ്രവർത്തകരുടെയും കർഷകരുടെയും നാട്ടുകാരുടെയും പരാതികൾ കേട്ട ശേഷമായിരുന്നു പ്രതികരണം. 

കർഷകരുടെ നഷ്ടം ഭീമമാണെന്നും ഗുരുതര പ്രശ്നങ്ങളാണു കർഷകർ ഉന്നയിച്ചതെന്നും സബ് കലക്ടർ പറഞ്ഞു. ഏലൂർ– എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യവസായങ്ങൾ സംബന്ധിച്ചും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നു വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. വകുപ്പുകൾ തമ്മിൽ ആശയവിനിമയത്തിൽ വീഴ്ചകളുണ്ടായോ എന്നും പരിശോധിക്കും. എന്തുകൊണ്ടു മത്സ്യക്കുരുതിയുണ്ടായി എന്നതിനാണു റിപ്പോർട്ടിൽ ഊന്നൽ നൽകുകയെങ്കിലും ഭാവിയിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികളും ശുപാർശ ചെയ്യുമെന്നു സബ് കലക്ടർ പറഞ്ഞു. 

അടച്ചുപൂട്ടൽ നോട്ടിസ് 
എടയാറിലെ സ്ഥാപനം മലിനജലം ഒഴുക്കിയതിന്റെ പേരിൽ 15 മാസത്തിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) നൽകിയതു രണ്ടാമത്തെ അ‌ടച്ചുപൂട്ടൽ നോട്ടിസ്. കഴിഞ്ഞ ദിവസമാണു രണ്ടാം നോട്ടിസ് നൽകിയത്. അലയൻ‌സ് മറൈൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിനാണ് 2 തവണ നോട്ടിസ് നൽകിയത്. അറവുമാലിന്യങ്ങൾ അടങ്ങിയ മൃഗാവശിഷ്ടങ്ങൾ സംസ്കരിക്കുന്ന കമ്പനിയാണിത്. 

മത്സ്യം ചത്തുപൊങ്ങിയ ദിവസം ഈ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നതായും സംസ്കരിച്ച മാലിന്യം വൻതോതിൽ സംസ്കരണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്നതായും വായുമലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തിയെന്നുമാണു നോട്ടിസിൽ പറയുന്നത്. 21നു നടത്തിയ പരിശോധനയിൽ, മഴവെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച കാനയ്ക്കു സമീപം പൈപ്പ് കണ്ടെത്തിയെന്നും ഇതിലൂടെ പെരിയാറിലേക്കു മലിനജലം ഒഴുക്കിയെന്നു വ്യക്തമായെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. 

ഇതേ കാര്യങ്ങൾ നിരത്തിയാണു 2023 മാർച്ച് 15നും കമ്പനിക്ക് അടച്ചുപൂട്ടൽ നോട്ടിസ് നൽകിയത്. ശേഷം പുഴയിലേക്കു മാലിന്യം ഒഴുക്കിയതിന്റെ പേരിൽ കമ്പനിയിലെ ജോലിക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 9 കോടിയുടെ നഷ്ടം
വരാപ്പുഴ ∙ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ കൂടുമത്സ്യ കർഷകർക്ക് ഒൻപതു കോടി രൂപയുടെ നഷ്ടമെന്നു പ്രാഥമിക റിപ്പോർട്ട്. ഫിഷറീസ് വിഭാഗം സോണൽ ജോയിന്റ് ഡയറക്ടർ എസ്. മഹേഷിന്റെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലെ മത്സ്യക്കർഷകരാണു നഷ്ടം സംബന്ധിച്ചു ഫിഷറീസ് ജോയിന്റ് ഡയറക്ടർക്കു വിവരങ്ങൾ നൽകിയത്. കടമക്കുടി പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും കൂടുമത്സ്യ കർഷകരെ സന്ദർശിച്ചു. 

 ചിത്രപ്പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ നിലയിൽ.
ചിത്രപ്പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ നിലയിൽ.

ചിത്രപ്പുഴയിലും മത്സ്യക്കുരുതി 
ഇരുമ്പനം ∙ ചിത്രപ്പുഴയിൽ വടക്കേ ഇരുമ്പനം ഭാഗത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഫാക്ടിന്റെ പിന്നിൽ ബാർജ് നിർത്തുന്ന ഭാഗത്താണു കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ഇവിടെ പല ഭാഗത്തും ജലം വെള്ള നിറത്തിലാണ്. മീൻപിടിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണു മീൻ ചത്തുപൊങ്ങിയതു കണ്ടത്. വെള്ളത്തിൽ ഇറങ്ങിയവർക്കു ചൊറിച്ചിൽ അനുഭവപ്പെടുന്നതായും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com