കിലോഗ്രാമിന് 20 രൂപയ്ക്ക് കൊടുക്കാം, എന്നിട്ടും തെള്ളിച്ചെമ്മീൻ വാങ്ങാനാളില്ല!
Mail This Article
വൈപ്പിൻ∙ ആർക്കും വേണ്ടാതെ തെള്ളിച്ചെമ്മീൻ. കെട്ടു നടത്തിപ്പുകാരും മത്സ്യത്തൊഴിലാളികളും ആശങ്കയിൽ. കിലോഗ്രാമിന് 20 രൂപയ്ക്കു പോലും തെള്ളി വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. വേനൽക്കാല സീസൺ പൂർണമായും നഷ്ടത്തിലായതിനാൽ വർഷ കാലത്ത് മുടക്കുമുതൽ എങ്കിലും തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ചെമ്മീൻകെട്ട് നടത്തിപ്പുകാർ. എന്നാൽ ആകെ ലഭിക്കുന്നത് തെള്ളിച്ചെമ്മീൻ മാത്രമാണ്. അതും വലുപ്പം കുറഞ്ഞവ. മോശമല്ലാത്ത വില ലഭിക്കേണ്ട നാരൻ, ചൂടൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ തീരെ കിട്ടാനില്ല.
പുഴയിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും പ്രധാനമായും ലഭിക്കുന്നത് തെള്ളിച്ചെമ്മീൻ തന്നെ. ഇതിനിടെയാണ് തെള്ളിയുടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞത്. മാസങ്ങളായി ഈ പ്രവണത ദൃശ്യമായിരുന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കയറ്റുമതി വിപണിയിൽ തെള്ളി മീറ്റിന് ഉണ്ടായ ഡിമാൻഡ് കുറവാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. വലുപ്പക്കുറവും തിരിച്ചടിയായി. ഇതേ തുടർന്ന് ഉണക്കാനും പൊടിക്കാനും വേണ്ടിയാണ് തെള്ളി കയറ്റി പോയിരുന്നത്. എന്നാൽ മഴ വന്നതോടെ ഉണക്കൽ നിലച്ചു. അപ്രതീക്ഷിതമായാണ് മഴ എത്തിയതെന്നതിനാൽ പകുതി ഉണങ്ങിയ നൂറുകണക്കിന് കിലോഗ്രാം ചെമ്മീൻ ചിലർക്ക് കുഴിച്ചുമൂടേണ്ടിയും വന്നു.
ഇതിനു പിന്നാലെയാണ് വില കിലോഗ്രാമിന് 20 രൂപയിലേക്ക് താഴ്ന്നത്. കൂടുകൃഷിക്കാരും മീൻ വളർത്തൽ കേന്ദ്രം നടത്തുന്നവരും മീനുകൾക്ക് തീറ്റയായി നൽകാനാണ് ഈ വിലയ്ക്ക് തെള്ളി വാങ്ങുന്നത്. വിലയിടിവിനെ തുടർന്ന് പല ചെമ്മീൻ കെട്ടുകാരും ഇപ്പോൾ മത്സ്യബന്ധനം നിർത്തി വച്ച അവസ്ഥയാണ്. മത്സ്യത്തൊഴിലാളികളും തെള്ളിച്ചെമ്മീൻ പിടിക്കുന്ന വല മാറ്റി വച്ചിരിക്കുകയാണ്.
ഇതിനിടെ ചെമ്മീൻ കെട്ടുകളുടെ അടിത്തട്ട് വരെ അടിച്ചുവാരുന്ന തരത്തിലുള്ള അശാസ്ത്രീയ മത്സ്യബന്ധന രീതികൾ പുറത്തു നിന്നുള്ളവർ അനുവർത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. നിരോധിത വലകൾ ഉപയോഗിച്ച് കെട്ടുകൾക്കുള്ളിൽ കടന്ന് ഇത്തരത്തിൽ മീൻ പിടിക്കുന്നത് പലപ്പോഴും നടത്തിപ്പുകാരുമായുള്ള സംഘർഷത്തിനും കാരണമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് കേസിൽ കലാശിച്ച സംഭവവും അടുത്തിടെ നെടുങ്ങാട് ഭാഗത്ത് ഉണ്ടായി. ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കിയ ശേഷം കനത്ത നഷ്ടം നേരിടുന്നതിനിടെയാണ് അതൊന്നും കണക്കിലെടുക്കാതെ പുറത്തു നിന്നുള്ളവർ കെട്ടുകളിൽ കയ്യേറ്റത്തിന് മുതിരുന്നതെന്നു നടത്തിപ്പുകാർ പറയുന്നു.