ADVERTISEMENT

കൊച്ചി ∙  കാക്കനാട് ഇൻഫോപാർക്ക് ക്യാംപസിൽ ഇന്നലെ വൈകിട്ടു പെയ്ത മഴയിലും വെള്ളക്കെട്ടുണ്ടായത് ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഉൾപ്പെടെ വലച്ചു.കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളക്കെട്ടുണ്ടായതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ട് വിഡിയോകളും ട്രോൾ കമന്റുകളും വ്യാപകമായിരുന്നു.

ഇൻഫോപാർക്കിൽ ചൊവ്വാഴ്ച രാവിലെയാണു ആദ്യ വെള്ളക്കെട്ടുണ്ടായത്. എന്നാൽ ഇന്നലെ വൈകിട്ടും വെള്ളം കയറി. രണ്ടാം ദിവസം ജോലി തടസ്സപ്പെട്ടില്ലെങ്കിലും ജീവനക്കാരെ വെള്ളക്കെട്ട് വലച്ചു. ചൊവ്വാഴ്ച രാവിലത്തെ മഴയിലെ വെള്ളം അധികം വൈകാതെ വാർന്നുപോയിരുന്നെങ്കിലും ഇന്നലെ അതുണ്ടായില്ല. 

എന്തുകൊണ്ട്?
കടമ്പ്രയാർ, കൈവഴിയായ ഇടച്ചിറത്തോട് എന്നിവയുടെ സമീപമാണ് ഇൻഫോപാർക്ക് ക്യാംപസ്. വെള്ളം നിറഞ്ഞാൽ കടമ്പ്രയാറിലേക്കും ഇടച്ചിറത്തോട്ടിലേക്കും ഒഴുകിപ്പോവുകയാണു പതിവ്. 2 വർഷമായി കടമ്പ്രയാറിലേക്കും ഇടച്ചിറത്തോട്ടിലേക്കും വെള്ളം കൃത്യമായി ഒഴുകുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. കടമ്പ്രയാറിലെ കോഴിച്ചിറ ബണ്ടാണ് ഇൻഫോപാർക്ക് മേഖലയിലെ വെള്ളക്കെട്ടിനു പ്രധാന കാരണമായി മുൻപു ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച കോഴിച്ചിറ ബണ്ട് പൊളിച്ചു. എന്നിട്ടും ഇൻഫോപാർക്കിൽ വെള്ളക്കെട്ടുണ്ടായി. ഇടച്ചിറ കനാൽ നേരത്തേ വൃത്തിയാക്കേണ്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് അധികൃതർ പോളയും തടസ്സങ്ങളും നീക്കിത്തുടങ്ങിയത്. പാർക്കിനു പിന്നിലെ നിലംപതിഞ്ഞമുകൾ പോലെ ഉയർന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ വന്നു. അവിടെ നിന്നുള്ള വെള്ളവും ഇൻഫോപാർക്ക് ക്യാംപസിലേക്കു വരുന്നുണ്ട്. 

പരിഹാരം
ക്യാംപസിൽ നിന്ന് കടമ്പ്രയാറിലേക്കു വെള്ളമെത്താൻ ഇപ്പോഴും തടസ്സങ്ങളുണ്ടെന്നാണ് അനുമാനം. ഇതു കണ്ടെത്തി പരിഹരിക്കണം. ഡ്രെയ്നേജ് പൈപ്പുകളിൽ തടസ്സമുണ്ടോ എന്നതു പരിശോധിച്ച് നടപടി വേണം. 

കൊച്ചി സ്തംഭിച്ചു
ഇന്നലെ വൈകിട്ട് ആരംഭിച്ച കനത്ത മഴ രാത്രിയിലേക്കും നീണ്ടതോടെ കൊച്ചി നഗരവും പരിസര പ്രദേശങ്ങളും രണ്ടാം ദിനവും സ്തംഭിച്ചു. ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം കനത്ത വെള്ളക്കെട്ടായിരുന്നു.  ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയവരാണു വലിയ ദുരിതത്തിലായത്. രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലരും വീടുകളിലെത്തിയത്. രണ്ടു ദേശീയപാതകൾ സംഗമിക്കുന്ന ഇടപ്പള്ളിയിലെയും പരിസര റോഡുകളിലെയും ബൈപാസിലെയും വെള്ളക്കട്ട് ദീർഘദൂര യാത്രക്കാരുൾപ്പെടെയുള്ളവരെ വലച്ചു. പാലാരിവട്ടം–കാക്കനാട് റോഡിലും വൻ ഗതാഗതക്കുരുക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com