ADVERTISEMENT

കൊച്ചി∙ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഏവിയേഷൻ അക്കാദമി കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ), വിമാനത്താവള അഗ്നിശമന സുരക്ഷാ ട്രെയിനികൾക്കുള്ള അടിസ്ഥാന പരിശീലന കോഴ്സ് രണ്ടാം ബാച്ച് പാസിങ് ഔട്ട് പരേഡ് ചടങ്ങ് നടത്തി. നാലു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 55 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് ആണ് നടന്നത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ, മാർച്ച് പാസ്റ്റ്, അഗ്നിശമന അഭ്യാസപ്രകടനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. സിയാൽ എആർഎഫ്എഫിലെ 6 ജൂനിയർ മാനേജർ ട്രെയിനിമാർക്കൊപ്പം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 49 ട്രെയിനികളും പരിശീലനം നേടി.

arff-passing-out-2

2024 ഫെബ്രുവരി 19ന് ആരംഭിച്ച പരിശീലനം ജൂൺ 18ന് സമാപിച്ചു. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡങ്ങൾ അനുസരിച്ചാണ് സിലബസ് ആസൂത്രണം ചെയ്‌തത്‌. സിയാൽ എആർഎഫ്എഫ് വിഭാഗം വിമാനത്താവളത്തിൽ ഓൺ-സൈറ്റ് പരിശീലനത്തിലൂടെ എല്ലാ ട്രെയിനികൾക്കും സമഗ്രമായ പ്രായോഗികതലത്തിലുള്ള അറിവും അനുഭവവും ഉറപ്പാക്കി. സിയാൽ എആർഎഫ്എഫ് വിഭാഗത്തോടൊപ്പം കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, കേരള മൗണ്ടനിയറിങ് ടീം, അശോക് ലെയ്‌ലാൻഡ് ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന അധ്യാപകരാണ് സെഷനുകൾ കൈകാര്യം ചെയ്‌തത്‌. 

arff-passing-out-3

പ്രധാന പാഠ്യപദ്ധതിക്ക് പുറമേ, പ്രായോഗിക വൈദഗ്ധ്യം ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ തയാറാകുന്നതിനുമായി ബാഹ്യ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കേരള മൗണ്ടനിയറിങ് ടീം നടത്തിയ ബിൽഡിങ് റെസ്ക്യൂ ഓപ്പറേഷൻസ്, തൃശൂരിലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമിയിൽ നടന്ന ടണൽ ആൻഡ് സ്‌മോക്ക് ചേംബർ ഫയർഫൈറ്റിങ്, ബിപിസിഎൽ നേതൃത്വം കൊടുത്ത പ്രഷർ ഫെഡ് ഫയർഫൈറ്റിങ്, തമിഴ്‌നാട്ടിലെ നാമക്കലിലുള്ള അശോക് ലെയ്‌ലാൻഡ് ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഹെവി ഡ്രൈവിങ് പരിശീലനം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു.

സിഐഎഎസ്എൽ മാനേജിങ് ഡയറക്ടർ സന്തോഷ് പൂവ്വട്ടിൽ, സിയാൽ എആർഎഫ്എഫ് ഹെഡ് സോജൻ കോശി, കോസ്റ്റ് ഗാർഡ് കമാൻഡിങ് ഓഫിസർ വരുൺ ഉപാധ്യായ, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്കോടി, മറ്റു ഓഫിസർമാർ, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിൽ (എസിഐ) നിന്ന് അടുത്തിടെ സിഐഎഎസ്എല്ലിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) അംഗീകാരത്തോടെ സിഐഎഎസ്എൽ അക്കാദമി പുതിയ വ്യവസായ-അധിഷ്ഠിത കോഴ്സുകൾ കൂടി ആരംഭിക്കുന്നു. ഇതിനു പുറമേ 2024 ഓഗസ്റ്റിൽ പുതിയ എആർഎഫ്എഫ് കോഴ്‌സ് കൂടി ആരംഭിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com