ഏകദേശം രണ്ടാളുടെ വലുപ്പം; കടൽത്തീരത്ത് അടിഞ്ഞ കൂറ്റൻ വസ്തു കണ്ട് ഭയന്ന് നാട്ടുകാർ
Mail This Article
കണ്ണമാലി∙ ഇന്നലെ പുലർച്ചെ കണ്ണമാലി കടൽത്തീരത്തു അടിഞ്ഞ കൂറ്റൻ വസ്തു നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. കൈതവേലിയിലെ പൊള്ളയിൽ സുനിത ജോസഫിന്റെ വീടിനു പിന്നിലെ കടലോരത്താണു റബർ ഉപയോഗിച്ച് നിർമിച്ച കൂറ്റൻ വസ്തു അടിഞ്ഞത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കണ്ണമാലി പൊലീസും ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ സേവ്യർ ലാലുവും ഇത് കപ്പലിൽ ഉപയോഗിക്കുന്ന ഫിൻഡർ എന്ന വസ്തുവാണെന്ന് അറിയിച്ചതോടെയാണ് നാട്ടുകാരുടെ പരിഭ്രാന്തി അവസാനിച്ചത്. ശക്തമായ തിരമാലയിൽ അകപ്പെട്ട ഫിൻഡർ കടൽഭിത്തിയും കടന്നു കരയിലേക്ക് കയറിയ നിലയിലായിരുന്നു.
വില്ലിങ്ഡൻ ദ്വീപിൽ പ്രവർത്തിക്കുന്ന ഷൈനി ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ ബാർജിൽ നിന്ന് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ട ഫിൻഡറാണിത്. ഇതുസംബന്ധിച്ചു കമ്പനി അധികൃതർ കോസ്റ്റൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബാർജും കപ്പലുമൊക്കെ കരയ്ക്കടുപ്പിക്കുമ്പോൾ ബെർത്തിൽ തട്ടാതിരിക്കാനായി ഉപയോഗിക്കുന്ന ടയർ ട്യൂബ് പോലെയിരിക്കുന്ന വസ്തുവാണ് ഫിൻഡർ. ഏകദേശം രണ്ടാളുടെ വലുപ്പമുണ്ട്. കോസ്റ്റൽ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കമ്പനി അധികൃതർ സ്ഥലത്തെത്തി ഫിൻഡർ തിരികെയെടുക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.