ADVERTISEMENT

വൈപ്പിൻ∙ കടൽ കയറ്റത്തിന്റെ പശ്ചാത്തലത്തിൽ തീര സംരക്ഷണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. കടകൾ അടഞ്ഞു കിടന്നതിനു പുറമേ വാഹന ഗതാഗതവും  സ്തംഭിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങരയിൽ നിന്ന് എടവനക്കാട് അണിയൽ ജംക്‌ഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തു. ഇതിനുശേഷം സമിതി പ്രതിനിധികൾ കലക്ടറേറ്റിൽ എത്തി വിഷയം സംബന്ധിച്ച്  കലക്ടർ എൻ.എസ്.കെ.ഉമേഷുമായി ചർച്ച നടത്തി.

സമരക്കാർ  ഉന്നയിച്ച കടൽഭിത്തി നിർമാണം, ടെട്രാപോഡ് സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ  വകുപ്പ് മന്ത്രിമാരുടെ അനുമതി ഇല്ലാതെ തീരുമാനമെടുക്കാൻ  കഴിയില്ലെന്ന് കലക്ടർ യോഗത്തിൽ വ്യക്തമാക്കി. താൽക്കാലിക പരിഹാരം എന്ന നിലയിൽ  ജിയോ ബാഗ് ഭിത്തി ഒരുക്കാം എന്ന് അദ്ദേഹം അറിയിച്ചെങ്കിലും സമരക്കാർ യോജിച്ചില്ല. നേരത്തെ ആരംഭിച്ചിട്ടുള്ള മണൽ വാട ഒരുക്കൽ ഊർജിതമാക്കും. തീരസംരക്ഷണ വിഷയത്തിൽ മന്ത്രി, എംഎൽഎമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജൂലൈ 2ന് യോഗം നടത്താമെന്നും കലക്ടർ അറിയിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിയായ പി.രാജീവിനെ ചർച്ചയിൽ  പങ്കെടുപ്പിക്കാൻ  ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്തതയും  കലക്ടർ ചൂണ്ടിക്കാട്ടി. 

ജിഡ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിക്കാൻ കഴിയുമെന്ന് സമര സമിതി നേതാക്കളിൽ ചിലർ ചൂണ്ടിക്കാണിച്ചെങ്കിലും വ്യക്തമായ പ്രതികരണം ഉണ്ടായില്ല.   തീരദേശ വാസികൾ ഉന്നയിച്ച അടിയന്തര ആവശ്യങ്ങളിൽ അനുകൂല നിലപാട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിലും താൽക്കാലികമായി സമര പരിപാടികൾ നിർത്തി വയ്ക്കാനാണ് സമിതിയുടെ തീരുമാനം. ജൂലൈ ആദ്യവാരത്തിൽ വ്യക്തമായ തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കും. റിലേ നിരാഹാരം അടക്കമുള്ള പ്രതിഷേധ പരിപാടികളാണ്  പരിഗണനയിലുള്ളത്. ഇതിന്റെ  വേദി പിന്നീട് തീരുമാനിക്കും. 4ന് സർവകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com