ADVERTISEMENT

കുണ്ടന്നൂർ ∙ പ്രതിഷേധങ്ങൾക്കൊടുവിൽ കുണ്ടന്നൂർ– തേവര പാലത്തിലെ പാതാളക്കുഴികൾ മൂടിയത് മഴയത്ത് ഒലിച്ചുപോയി. വീണ്ടും എണ്ണിയാലൊടുങ്ങാത്ത കുഴികളായി.  വാഹന നിര കിലോ മീറ്ററുകളാണ് നീളുന്നത്. കുഴികളിൽ വീണ് അപകടങ്ങൾ പതിവാണ്. ഏറെ നാളത്തെ ആവശ്യമായിരുന്നെങ്കിലും  ജൂൺ ആദ്യവാരം മഴ തുടങ്ങിയതിനു ശേഷമാണു കുഴികൾ റെഡിമിക്സ് ടാറിട്ട് അടച്ചത്. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടിട്ടു പോലും ഈ പാലത്തിൽ 'പഞ്ചറൊട്ടിക്കൽ' പരിപാടിയാണു വർഷങ്ങളായി തുടരുന്നത്. 

പാലത്തിലെ മഴവെള്ളം ഒഴുകി പോകാനുള്ള ഓവിന്റെ ഭാഗങ്ങൾ ഇടിഞ്ഞ നിലയിലാണ്. കുഴികളിൽ നിന്നു രക്ഷനേടാൻ വാഹനങ്ങൾ നടപ്പാതയിൽ കയറുന്നതിനാൽ മിക്കയിടത്തും തകർന്നു. ഇതോടെ കാൽനട യാത്രയും അസാധ്യമായി. മഴയെ പഴിക്കാതെ എത്രയും പെട്ടെന്ന് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് നെട്ടൂർ ആവണി സംഘം ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിഷേധം നാളെ വൈകിട്ട് 5ന് പാലത്തിൽ നടക്കും.

മഴ മാറട്ടെ, ഉന്നത നിലവാരത്തിൽ ടാറിങ് ഉറപ്പെന്ന് അധികൃതർ
കുഴികൾ താൽക്കാലികമായി അടയ്ക്കാൻ കരാറുകാരനു നിർദേശം നൽകിയതായി അധികൃതർ പറഞ്ഞു. ദേശീയപാത 966 ബിയുടെ ഭാഗമാണ് കുണ്ടന്നൂർ– തേവര പാലം.  1.75 കിലോ മീറ്റർ ഉണ്ട്. തേവര– വെല്ലിങ്‌ഡൻ ദ്വീപ്, അലക്സാണ്ടർ പറമ്പിത്തറ പാലം ഉൾപ്പെടെ 5.92 കിലോ മീറ്റർ നവീകരണത്തിന് 10.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

സ്റ്റോൺ മാസ്റ്റിക് അസാൾട്ട് സാങ്കേതിക വിദ്യയാണ് പാലത്തിലെ ടാറിങ്ങിന് ഉപയോഗിക്കുക. അതിനു മുൻപ് പാലത്തിലെ ടാർ മില്ലിങ് ചെയ്തു നീക്കണം.  കാലാവസ്ഥ അനുകൂലമായാൽ ഈ ജോലികൾ തുടങ്ങും. സർവീസ് റോഡുകൾ ജിഎസ്പി ഇട്ട് ഉയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com