ADVERTISEMENT

കളമശേരി ∙ എച്ച്എംടി ജംക്‌ഷനിൽ നിന്നു എൻഎഡി റോഡുവഴി നിത്യം സഞ്ചരിച്ചാൽ യാത്രക്കാരന്റെ ശ്വാസകോശം ‘സ്പോഞ്ച് ’ പോലെയാകും. റോഡിന്റെ ഇരുവശവും തണ്ണീർത്തടങ്ങളിലേക്കു തള്ളിയിരിക്കുന്ന മാലിന്യം അഴുകിയുള്ള ദുർഗന്ധം അത്രമേൽ തീവ്രമാണ്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എച്ച്എംടി ജംക്‌ഷനിലെ വിദ്യാലയങ്ങളിലേക്കും ഓഫിസുകളിലേക്കും മൂക്കുപൊത്തിയും മാലിന്യം ചവിട്ടിയും വേണം എത്താൻ. റോഡ് വികസനത്തിന്റെ പേരിൽ മാലിന്യം വഴിയരികിലേക്കു തള്ളി മാറ്റിയിരിക്കുന്നതും കാണാം. മാലിന്യത്തിനു തീയിടുന്നതും പതിവാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിയുണ്ടാകുന്ന പുകയും ദുർഗന്ധവും നാട്ടുകാരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ നഗരസഭയിൽ വ്യാപിക്കുകയാണ്.

സ്ഥിരമായി മാലിന്യം തള്ളുന്ന ഈ റോഡിൽ ക്യാമറകൾ സ്ഥാപിക്കാനോ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനോ നഗരസഭയും എൻഎഡിയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. എൻഎഡി റോഡിൽ മാലിന്യം വലിച്ചെറിയുന്നവരെ നാട്ടുകാർ പിടികൂടി നഗരസഭയ്ക്കു കൈമാറിയാൽ പിഴ ഈടാക്കുന്നത് നഗരസഭയാണ്. പിടിക്കപ്പെടുന്നവർക്കു സ്വാധീനമുണ്ടെങ്കിൽ പിഴയിൽ വലിയ ഇളവും നഗരസഭ നൽകും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ മാലിന്യം വലിച്ചെറിഞ്ഞവരെ വാഹനമടക്കം നാട്ടുകാർ പിടികൂടി നേവൽ പൊലീസിനു കൈമാറിയിരുന്നു. അവർ പിന്നീട് കേസ് നഗരസഭയ്ക്കു കൈമാറി. നഗരസഭ 25,000 രൂപ പിഴ ഈടാക്കി വിട്ടയച്ചു. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളിയതു പിടികൂടിയപ്പോൾ 5,000 രൂപ പിഴ ഈടാക്കി. പൈപ്പ്‌ലൈൻ റോഡുവഴി പോകുന്നവർക്കു മാലിന്യ മല ‘അത്ഭുത കാഴ്ച’ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com