ADVERTISEMENT

കൊച്ചി∙ നഗരത്തിലെ നടപ്പാതകൾ അതീവ അപകടാവസ്ഥയിലാണെന്നും കാൽനടക്കാർക്ക് ഒരു വിലയുമില്ലെന്നുമുള്ള അധികൃതരുടെ വിശ്വാസമാണ് ഇതു തുറന്നുകാട്ടുന്നതെന്നും ഹൈക്കോടതി.  കാലവർഷത്തിൽ എത്രത്തോളമാണ് ഈ നഗരവാസികൾ സഹിക്കേണ്ടിവരുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ശാരീരിക വെല്ലുവിളി നേരിടുന്നവരാണ് ഏറെ ദുരിതം നേരിടുന്നത്. എന്തുകൊണ്ടാണ് അധികൃതർ നടപ്പാതകൾ അപകടാവസ്ഥയിൽ തുടരാൻ അനുവദിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഫണ്ടിന്റെ അഭാവമാണെന്നാണ് എല്ലായ്പ്പോഴും പറയുന്നത്. എന്നാൽ ജനങ്ങളുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ എങ്ങനെ ഇങ്ങനെ ന്യായിക്കരിക്കാനാവുമെന്നും കോടതി ചോദിച്ചു.

കെഎംആർഎൽ, സിഎസ്എംഎൽ, കൊച്ചി കോർപറേഷൻ, കളമശേരി, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, പിഡബ്ല്യുഡി, ജിസിഡിഎ, ജിഡ, പൊലീസ് എന്നിവർ ഉൾപ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ടെന്നു കലക്ടർ അറിയിച്ചു. ‘ഓപ്പറേഷൻ ഫുട്പാത്ത്’ എന്ന സമിതിയുടെ അധ്യക്ഷൻ കലക്ടറാണ്. മാസത്തിലൊരിക്കൽ സമിതി യോഗം ചേരുമെന്നും വ്യക്തമാക്കി. നടപടികൾ കോടതി സ്വാഗതം ചെയ്തു. അതേസമയം തീരുമാനങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതിക്കും വിവരങ്ങൾ കൈമാറണമെന്ന് നിർദേശിച്ചു.എംജി റോഡിലെ കാനകളുടെയും നടപ്പാതയുടെയും നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കാർ ആലോചിക്കുന്നുണ്ടെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഈ വിഷയം 11 ന് പരിഗണിക്കും. കോർപറേഷൻ, പിഡബ്ല്യുഡി, കൊച്ചി മെട്രോ, സ്മാർട് സിറ്റി, ജിസിഡിഎ എന്നിവയ്ക്കു കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണി ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ അധികൃതർ ഓരോരുത്തരും പുരോഗതി റിപ്പോർട്ട് 25ന് അറിയിക്കണമെന്നും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com