ADVERTISEMENT

കൊച്ചി ∙ തേവര- പേരണ്ടൂർ കനാലിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫ്ലോട്ടിങ് വെറ്റ്ലാൻഡുകൾ സ്ഥാപിക്കും. ഇന്നു  12നു പനമ്പിള്ളിനഗർ കോയിത്തറ പാർക്കിനു സമീപത്തെ ടിപി കനാൽ ഭാഗങ്ങളിലാണു സ്ഥാപിക്കുക. ഇന്ററാക്ട് ബയോ പദ്ധതിയുടെ ഭാഗമായാണിത്. ജലാശയങ്ങളിലെ മലിനീകരണ നിയന്ത്രണത്തിനുള്ള പ്രകൃതിദത്ത പരിഹാര മാർഗമാണു ഫ്ലോട്ടിങ് വെറ്റ്ലാൻഡുകൾ. ജലമലിനീകരണത്തിനു കാരണമാകുന്ന രാസവസ്തുക്കൾ വലിച്ചെടുത്തു നിർവീര്യമാക്കാൻ ശേഷിയുള്ള സസ്യങ്ങൾ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകം തയാറാക്കിയ തട്ടുകളിൽ വളർത്തിയെടുക്കുന്ന രീതിയാണിത്. ചക്കരച്ചേമ്പ്, കടൽ താളി, കുടപ്പുല്ല് തുടങ്ങിയ സസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുക. മേയർ എം.അനിൽകുമാർ ഇന്നു 12നു സ്ഥലത്തെത്തി ഫ്ലോട്ടിങ് വെറ്റ്ലാൻഡ് പ്രവർത്തനം വിലയിരുത്തും. 

6 അടി നീളവും 6 അടി വീതിയുമുള്ള 8 ഫ്ലോട്ടിങ് വെറ്റ്ലാൻഡുകളാണു സ്ഥാപിക്കുക. ജലാശയങ്ങളിലെ മലിനീകരണ നിയന്ത്രണത്തോടൊപ്പം കനാൽ സൗന്ദര്യവൽക്കരണത്തിനും ഫ്ലോട്ടിങ് വെറ്റ്ലാൻഡുകൾ ഉപയോഗിക്കാറുണ്ട്. ഐസിഎൽഇഐ ദക്ഷിണേഷ്യയുടെ സഹകരണത്തിൽ, രാജ്യാന്തര കാലാവസ്ഥാ സംരംഭത്തിന്റെ സാമ്പത്തിക സഹായത്തോടെ കൊച്ചി നഗരത്തിൽ കോർപറേഷൻ നടപ്പാക്കുന്നതാണ് ഇന്ററാക്ട് ബയോ പദ്ധതി. പദ്ധതിയുടെ ഏകോപന-നിർവഹണ ചുമതല സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിനാണ് (സി-ഹെഡ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com