ADVERTISEMENT

ആലുവ∙ തകർന്നു തരിപ്പണമായ ആലുവ–പെരുമ്പാവൂർ റോഡ് പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരുടെ വക ഉപരോധം, ശയന പ്രദക്ഷിണ സമരം. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ സബ്മിഷൻ. കല്ലേറു കുറെ കൊണ്ടു കഴിഞ്ഞപ്പോൾ പിഡബ്ല്യുഡി അധികൃതർക്കു തോന്നി, ഇതങ്ങനെ വിട്ടാൽ പറ്റില്ല. റോഡിന്റെ തകർച്ചയ്ക്ക് ഉത്തരവാദി ജല അതോറിറ്റിയാണ്. ചെയ്യാത്ത തെറ്റിനു ചീത്ത കേൾക്കുന്നതു തങ്ങളും. പെട്ടെന്നു റോഡിൽ ഒരു ഫ്ലെക്സ് ബോർഡ് ഉയർന്നു. ആലുവ–കുന്നത്തുനാട് നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ ചാലയ്ക്കൽ പെട്രോൾ പമ്പിനു സമീപം. 

സാരം ഇങ്ങനെ: പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലിക്കായി ആലുവ–പെരുമ്പാവൂർ റോഡിൽ പകലോമറ്റം മുതൽ തോട്ടുമുഖം പാലം വരെയുള്ള ഭാഗം താൽക്കാലികമായി ജല അതോറിറ്റിക്കു കൈമാറിയിരിക്കുന്നു. പരാതികളും നിർദേശങ്ങളും ആ വകുപ്പിലെ എൻജിനീയർമാരെയാണ് അറിയിക്കേണ്ടത്.  ജല അതോറിറ്റി അസി. എൻജിനീയറുടെയും അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെയും മൊബൈൽ നമ്പറുകൾ നല്ല വലുപ്പത്തിൽ ചേർത്തിട്ടുമുണ്ട്. നമ്പർ അറിയാത്തതിന്റെ പേരിൽ ആരും അവരെ വിളിക്കാൻ മടിക്കേണ്ടല്ലോ! 5 മാസം മുൻപാണ് ഇവിടെ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ തുടങ്ങിയത്. റോഡിന്റെ ഇരുവശവും കുഴിച്ചു. അതു തകർച്ചയ്ക്ക് ആക്കം കൂട്ടി. അപകടങ്ങൾ വർധിച്ചു. 

പൈപ്പിട്ടു തീർന്ന ഭാഗം പോലും ശരിയായി മൂടി ഉറപ്പിച്ചില്ല. അതോടെ സമരങ്ങളുടെ ഘോഷയാത്രയായി. ഈ ഘട്ടത്തിലാണ് പിഡബ്ല്യുഡി ബോർഡുമായി രംഗത്തു വന്നത്. വെള്ളമില്ലാതെ കൈ കഴുകുന്ന സാങ്കേതിക വിദ്യയാണ് ഇതെന്നാണു നാട്ടുകാരുടെ പരിഹാസം. പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ സമയത്താണു ബോർഡ് വച്ചതെങ്കിൽ സദുദ്ദേശ്യം മനസ്സിലായേനെ എന്ന് അവർ പറഞ്ഞു. അപകടങ്ങൾ പെരുകിയപ്പോൾ ബോർഡ് വച്ചതു പ്രശ്നത്തിൽ നിന്നു തലയൂരാനുള്ള പിഡബ്ല്യുഡിയുടെ ദുരുദ്ദേശ്യം ആണെന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com