ഇടപ്പള്ളി- പറവൂർ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് അമിതവേഗം; ആശങ്ക
Mail This Article
വരാപ്പുഴ ∙ ദേശീയപാതയിൽ സ്വകാര്യ ബസുകളുടെ അമിതവേഗം ആശങ്ക പരത്തുന്നു.ഇടപ്പള്ളി- പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് അശ്രദ്ധമായും അപകടകരമായും ഓടിക്കുന്നത്. വൺവേ തെറ്റിച്ചു ഓവർടേക്ക് ചെയ്യുന്ന ബസുകൾ പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ചെറിയ വാഹനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ ഹോണുകൾ മുഴക്കിയും വൺവേ തെറ്റിച്ചും മുന്നോട്ടു പായുന്ന ബസുകൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
കൂനമ്മാവ് ചിത്തിരക്കവലയിൽ ആയിരക്കണക്കിനു വിദ്യാർഥികൾ കടന്നു പോകുന്ന ഭാഗത്തു സ്വകാര്യബസുകൾ അമിതവേഗത്തിൽ പായുന്നത് ഏറെ ആശങ്ക ഉയർത്തുന്നതായി നാട്ടുകാരനായ ബേബി പറഞ്ഞു. ഇവിടെയുള്ള വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണു പലപ്പോഴും വിദ്യാർഥികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നത്.
മുൻപ് ഗതാഗത നിയന്ത്രണത്തിനായി ഹോംഗാർഡിനെയും പൊലീസിനെയും നിയമിച്ചിരുന്നു. എന്നാൽ നിലവിൽ ഇവിടെ ആരുമില്ല.കവലയിലുള്ള സിഗ്നൽ വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സ്വകാര്യ ബസുകൾക്കു പുറമേ മത്സ്യം കയറ്റി കൊണ്ടു പോകുന്ന വാഹനങ്ങളും റോഡിലൂടെ മരണപ്പാച്ചിലാണ്. അമിതവേഗം കണ്ടെത്താൻ വരാപ്പുഴ മുതൽ കാവിൽനട വരെ വിവിധയിടങ്ങളിലായി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊലീസും ബന്ധപ്പെട്ട അധികൃതരും നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.