അസമിൽ നിന്നും ട്രെയിൻ മാർഗം ഹെറോയിൻ എത്തും; കുപ്പിക്ക് 1000 രൂപ നിരക്കിൽ കച്ചവടം
Mail This Article
പെരുമ്പാവൂർ ∙ ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്‌ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. അസമിൽ നിന്നും ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. 1000 രൂപ നിരക്കിലാണ് കച്ചവടം.
കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു.
എഎസ്പി മോഹിത് റാവത്ത്, എസ്ഐ പി.എം. റാസിക്ക്, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.