ADVERTISEMENT

കൊച്ചി ∙ പച്ചാളം ലൂർദ് ആശുപത്രിക്കു സമീപം ഷൺമുഖപുരത്ത് കൂറ്റൻ മരം റെയിൽവേ ട്രാക്കിലേക്കു കടപുഴകി രണ്ടു മണിക്കൂറിലേറെ ഇരു ഭാഗത്തേക്കും ട്രെയിൻ ഗതാഗതം മുടങ്ങി. സർവീസ് റോഡിലൂടെയുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. എറണാകുളം– ആലുവ റെയിൽപാതയിലേക്കാണു മരം വീണത്. ട്രെയിൻ ഗതാഗതത്തിരക്കും ജനത്തിരക്കും കുറഞ്ഞ സമയമായതിനാൽ വലിയ അപകടമാണ് ഒഴിവായത്.ട്രാക്കിനു സമീപത്തെ പുരയിടത്തിൽ നിന്ന വൻ മരം സർവീസ് റോഡിനോടു ചേർന്നുള്ള റെയി‍ൽവേ വൈദ്യുതി ലൈനിലേക്കും ട്രാക്കിലേക്കും കടപുഴകി വീണത് ഇന്നലെ രാവിലെ ഒൻപതരയോടെയാണ്.

ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി കടന്നുപോകുന്നതാണു ലൈൻ. വൈദ്യുതിലൈൻ പൊട്ടിവീണു. വലിയ ശബ്ദവും പുകയും ഉയർന്നതോടെ സമീപവാസികൾ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ പ്രദേശത്തുനിന്ന് ആളുകളെ നീക്കിയാണു മരം മുറിച്ചു നീക്കിയത്. പ്രശ്നം പരിഹരിച്ച് ഉച്ചയ്ക്കു 12നു ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.  മംഗള എക്സ്പ്രസ് കടന്നുപോകുന്നതിനു മിനിറ്റുകൾക്കു മുൻപാണു മരം കടപുഴകിയത്. ശബരി, വേണാട്, പരശുറാം എക്സ്പ്രസുകൾ, പാലക്കാട്– എറണാകുളം മെമു എന്നിവ പലയിടത്തായി പിടിച്ചിട്ടു.

റെയിൽവേ ട്രാക്‌ഷൻ വിഭാഗം, ഇലക്ട്രിക്കൽ വിഭാഗം സീനിയർ സെക്‌ഷൻ എൻജിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ, അഗ്നിശമന സേന, ആർപിഎഫ്, കെഎസ്ഇബി, നോർത്ത് പൊലീസ് എന്നിവർ സ്ഥലത്തെത്തിയാണു പ്രശ്നം പരിഹരിച്ചത്. കെഎസ്ഇബി, കേബിൾ ടിവി ലൈനുകളും പൊട്ടിവീണു.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേതാണു കടപുഴകിയ മരം. മരം നിന്ന സ്ഥലം സംബന്ധിച്ച് അതിന്റെ ഉടമകൾ തമ്മി‍ൽ തർക്കവും നിയമനടപടികളും നിലവിലുണ്ട്. ഈ പുരയിടത്തിലെ മറ്റൊരു മരം അടുത്തിടെ കടപുഴകി പ്രദേശത്തു വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com