ADVERTISEMENT

ആലുവ∙ മെട്രോ സ്റ്റേഷനെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിച്ചു സർവീസ് നടത്തിയിരുന്ന പവൻദൂത് ഇലക്ട്രിക് ബസ് 7 മാസമായി കട്ടപ്പുറത്ത്. മെട്രോ സ്റ്റേഷനിലെ കാർ പാർക്കിങ് ഏരിയയിൽ അനാഥമായി കിടക്കുന്ന ബസ് ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളം. വഴിയിൽ ബ്രേക് ഡൗൺ ആയതിനെ തുടർന്നു കെട്ടിവലിച്ച് ഇവിടെ എത്തിച്ചതാണ്.മെട്രോ യാത്രക്കാർ ആലുവയിൽ ഇറങ്ങിയാൽ സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലേക്കും അവിടെ നിന്നുള്ളവർക്കു തിരിച്ചു മെട്രോ സ്റ്റേഷനിലേക്കും മിതമായ നിരക്കിൽ സഞ്ചരിക്കുന്നതിന് ആദ്യ ഘട്ടത്തിൽ വാങ്ങിയ ഫീഡർ ബസുകളിൽ ഒന്നാണിത്.

പിന്നീടു 3 ഇലക്ട്രിക് ബസുകൾ കൂടി വന്നതാകാം ഇത് അറ്റകുറ്റപ്പണി നടത്താതെ അവഗണിക്കപ്പെടാൻ കാരണം. മാർക്കറ്റ് സർവീസ് റോഡിന് അടുത്തുള്ള മെട്രോ പാർക്കിങ് സംവിധാനം രാവിലെ 7.30 മുതൽ രാത്രി 10 വരെയാണു പ്രവർത്തിക്കുക. അതു കഴിഞ്ഞാൽ അവിടെ ആരും ഉണ്ടാവില്ല. ഈ സമയത്താണ് സാമൂഹികവിരുദ്ധരുടെ വരവ്. 32 സീറ്റുള്ള ബസ് പിന്നെ അവർക്കു സ്വന്തം. ബസിന്റെ വാതിലുകളും ജനാലകളും തുറന്നു കിടക്കുന്നതിനാൽ പ്രവേശനത്തിനു തടസ്സമില്ല. 

ബസിനുള്ളിൽ പതിവു സന്ദർശകരുടെ ബെഡ് ഷീറ്റ്, മിനറൽ വാട്ടർ കുപ്പികൾ തുടങ്ങിയവ ഇരിപ്പുണ്ട്. രണ്ടാഴ്ച മുൻപു ലഹരിമരുന്നു കച്ചവടക്കാരെ തേടി എക്സൈസ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയിരുന്നു. ബസിലെ ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും ഇളക്കി മാറ്റിയ നിലയിലാണ്. മെട്രോ പാർക്കിങ് ഏരിയയിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും ബസ് കിടക്കുന്ന ഭാഗം ക്യാമറയുടെ പരിധിക്കു പുറത്തായതും സാമൂഹികവിരുദ്ധർക്കു സൗകര്യമായി.

English Summary:

Neglected Electric Bus at Aluva Metro Station Turns Into Haven for Anti-Socials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com