ജർമനിയിലെ നഗരസഭ തിരഞ്ഞെടുപ്പിൽ മലയാളി നഴ്സിന് വിജയം
Mail This Article
മൂവാറ്റുപുഴ∙ ജർമനിയിലെ റൈൻലാൻഡ് - പലാറ്റിനേറ്റ് സംസ്ഥാനത്തെ മയൻ - കോബ്ലെൻസ് ജില്ലയിൽ കൊബേൺ ഗൊണ്ടോർഫ് നഗരസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ചുവെന്ന നേട്ടവുമായി മലയാളി നഴ്സ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി ജയിച്ച ഗ്രേസി ജോർജ് ഡാംകെ (67) കല്ലൂർക്കാട് സ്വദേശിനിയാണ്.
എസ്പിഡിയുടെ 11 സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഗ്രേസിക്കാണ്. ജില്ലയിൽ കുടിയേറ്റവും ഏകീകരണവും സംബന്ധിച്ച ഉപദേശക സമിതിയിൽ ഗ്രേസി അംഗമാണ്. 15 വർഷമായി സംസ്ഥാനത്തെ പൊലീസ് സേനയുമായി സഹകരിച്ചു മുതിർന്ന സുരക്ഷാ ഉപദേഷ്ടാവായും സേവനം അനുഷ്ഠിക്കുന്നുണ്ട്. കല്ലൂർക്കാട് നെടുങ്കല്ലേൽ പരേതരായ ജോർജ്, ത്രേസ്യക്കുട്ടി ദമ്പതികളുടെ മകളായ ഗ്രേസി 50 വർഷം മുൻപാണ് നഴ്സിങ്ങിൽ ഉന്നത പഠനത്തിനായി ജർമനിയിൽ എത്തിയത്.
പഠനവും ജോലിയുമായി കഴിയുമ്പോഴാണ് ജർമൻ പൗരൻ ജോ ഡാംകെ ജീവിതത്തിലേക്കു കടന്നു വന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ജോ ഡാംകെയുടെ കൈപിടിച്ചാണ് ഗ്രേസി രാഷ്ട്രീയത്തിൽ സജീവമായത്. വാഹനാപകടത്തിൽ ജോ മരിച്ചപ്പോൾ തളർന്നു പോയ ഗ്രേസിയെ സുഹൃത്തുക്കളാണ് രാഷ്ട്രീയത്തിലും ജനസേവനത്തിലും സജീവമാകാൻ പ്രോത്സാഹിപ്പിച്ചത്.