ADVERTISEMENT

ആലുവ∙ അൻവർ സാദത്ത് എംഎൽഎയും നഗരസഭാധ്യക്ഷൻ എം.ഒ. ജോണും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിക്കുന്നതിനിടെ വിദ്യാർഥിനി മോഷണത്തിന് ഇരയായതിനെ തുടർന്ന് അവിടെ സ്ഥിരം പൊലീസിനെ നിയോഗിക്കാൻ തീരുമാനം. സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറയും സ്ഥാപിക്കും. ഇതിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്നു നൽകും. 32 ക്യാമറകൾ സ്ഥാപിക്കാൻ 13 ലക്ഷം രൂപ ചെലവു വരുമെന്ന് എംഎൽഎ പറഞ്ഞു.

സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ 9.30നാണ് ജനപ്രതിനിധികൾ എത്തിയത്. ഇതേ സമയത്താണ് യുസി കോളജിൽ പിജിക്കു പഠിക്കുന്ന പെരുമ്പാവൂർ കണ്ടന്തറ സ്വദേശിനിയുടെ മൊബൈൽ ഫോൺ ആരോ മോഷ്ടിച്ചത്. ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങളും മറ്റും അടങ്ങിയ ഫോൺ ആണ് നഷ്ടപ്പെട്ടതെന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ എംഎൽഎ ആശ്വസിപ്പിച്ചു. പകരം മറ്റൊരു സ്മാർട് ഫോൺ വാങ്ങി നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിദ്യാർഥിനി സന്തോഷപൂർവം നിരസിച്ചു. തുടർന്നു പിതാവിനെ വിളിച്ചു വരുത്തി. എംഎൽഎയുടെ നിർദേശപ്രകാരം അവർ പൊലീസിൽ പരാതി നൽകി.

ഈ സാഹചര്യത്തിലാണ് സ്റ്റാൻഡിൽ സ്ഥിരമായി പൊലീസിനെ ഡ്യൂട്ടിക്ക് ഇടാമെന്നു ഡിവൈഎസ്പി എംഎൽഎക്ക് ഉറപ്പു നൽകിയത്. ഇതിനിടെ, യാത്രക്കാരിൽ ചിലർ ദീർഘദൂര ബസുകൾ രാത്രി സ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതിയുമായി എംഎൽഎയെ സമീപിച്ചു. റോഡിലാണ് ബസ് നിർത്തുന്നത്. അവിടെ കാത്തു നിൽക്കാൻ സൗകര്യമില്ല. കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫിസറെ എംഎൽഎ ഫോണിൽ ബന്ധപ്പെട്ടു ബസുകൾ നിർബന്ധമായും സ്റ്റാൻഡിൽ കയറാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡിൽ പകൽ മോഷ്ടാക്കളും പിടിച്ചുപറിക്കാനും സാമൂഹികവിരുദ്ധരും വിലസുന്നതു സംബന്ധിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ശരാശരി 10 പേർ പ്രതിദിനം ഇവിടെ കവർച്ചയ്ക്ക് ഇരയാകുന്നു എന്നാണു കണക്ക്. പൊലീസ് എയ്ഡ് പോസ്റ്റിനു സംവിധാനം ഉണ്ടെങ്കിലും പൊലീസ് ഉണ്ടാകാറില്ല. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരൻ ഒരു മോഷ്ടാവിനെ പിടിച്ചു നിർത്തിയെങ്കിലും അയാൾ ജീവനക്കാരനെ ആക്രമിച്ചു കടന്നുകളഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com