ഹാർബറിൽ 10 രൂപയ്ക്ക് വിറ്റ നത്തോലി കൊച്ചി മാർക്കറ്റിൽ എത്തിയപ്പോൾ 200 രൂപ!
Mail This Article
ചെല്ലാനം∙ കൊടും വറുതിക്ക് ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിച്ചുതുടങ്ങിയത്. പക്ഷേ, മത്സ്യത്തൊഴിലാളുടെ നിരാശ വിട്ടൊഴിയുന്നില്ല. കടലിൽ നിന്ന് പിടിച്ചു കരയ്‌ക്കെത്തിക്കുന്ന മീനുകൾക്ക് ന്യായവില ലഭിക്കാത്തതാണ് നിരാശയ്ക്ക് കാരണം. ഏറെ പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കാത്തിരിക്കുന്ന കാലമാണ് മൺസൂൺ സീസൺ. മഴ തുടങ്ങുമ്പോൾ കടലിൽ മീൻ നിറയുമെന്നാണ് സങ്കൽപം. പക്ഷേ, മഴക്കാലം ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴാണ് ഇവർക്കു ചെറിയ തോതിൽ മത്സ്യം ലഭിച്ചു തുടങ്ങിയത്. പക്ഷേ, ആ മീനിന് ഇവർക്ക് ലഭിക്കുന്ന വിലയാവട്ടെ വളരെ തുച്ഛവും. കഴിഞ്ഞ കുറച്ചു ദിവസമായി ചെല്ലാനം ഹാർബറിലെ തൊഴിലാളികൾക്ക് കുഴപ്പമില്ലാത്ത തോതിൽ നത്തോലി ലഭിക്കുന്നുണ്ട്. രാവിലെ 30 രൂപയ്ക്കാണ് ഒരു കിലോഗ്രാം നത്തോലി ഹാർബറിൽ നിന്ന് വിറ്റുപോയത്.
ഉച്ചയായപ്പോൾ വില 10 രൂപയായി ഇടിഞ്ഞു.ഇതേ നത്തോലി പശ്ചിമ കൊച്ചിയിലെ മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോൾ 150 മുതൽ 200 രൂപ വരെ നൽകണം. ട്രോളിങ് നിരോധനം ഉള്ളതിനാൽ ചെല്ലാനം ഹാർബറിലെ മീനുകൾക്ക് പൊതുവിപണിയിൽ ഡിമാന്റുണ്ട്. ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് മീനെടുത്ത ശേഷം ഉയർന്ന വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു. ഇത് തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
മണ്ണെണ്ണ ബങ്കർ സ്ഥാപിക്കണം
ഒരു വള്ളത്തിനു ഒരു ദിവസം കടലിൽ പോകണമെങ്കിൽ ഇന്ധനമായി 130 ലീറ്റർ മണ്ണെണ്ണ വേണം. സർക്കാർ ഒരു മാസത്തേക്ക് സബ്‌സിഡി നിരക്കിൽ ഇവർക്ക് നൽകുന്നത് 40 ലീറ്റർ മണ്ണെണ്ണ മാത്രമാണ്. ഇതൊരു വട്ടം കടലിൽ പോകാൻ പോലും തികയില്ല. ഇന്ധനം ലഭിക്കാൻ മറ്റു മാർഗങ്ങളും ഇവർക്കില്ല. മണ്ണെണ്ണയ്ക്കായി ഇവർ കരിഞ്ചന്തയെ ആശ്രയിക്കുന്നു. ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയിൽ വില 120 രൂപയാണ്. ഈ തുക നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാലും മത്സ്യത്തിന് ന്യായവില ലഭിക്കാത്തതു തൊഴിലാളികൾക്ക് നഷ്ടമുണ്ടാക്കുന്നു. ചെല്ലാനം ഹാർബറിൽ സർക്കാരിന്റെ നേതൃത്വത്തിൽ ന്യായമായ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്ന ബങ്ക് സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.