ADVERTISEMENT

കാക്കനാട്∙ കാക്കനാട് തുതിയൂർ കേന്ദ്രീകരിച്ച് രാസലഹരി ഗുളികകൾ വിൽപന നടത്തിവന്നയാൾ പിടിയിൽ. കാക്കനാട് തുതിയൂർ മാന്ത്രയിൽ രാഹുൽ രമേശ് (30) ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. മാനസിക വിഭ്രാന്ത്രിയുള്ളവർക്ക് സമാശ്വാസം നൽകുന്ന അ്യന്തം മാരകമായ നൈട്രോസെപാം ഗുളികകള്‍ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

58 എണ്ണം (31 ഗ്രാം) രാസലഹരി ഗുളികകൾ, ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ ഛർദ്ദിക്കാതിരിക്കാൻ ഉപയോഗിക്കുന്ന അഞ്ച് എണ്ണം ഫിനർഗാൻ ആംപ്യൂളുകൾ, സ്റ്റെർലീങ് വാട്ടർ, നിരവധി സിറിഞ്ചുകൾ, ലഹരിമരുന്ന് ഇടപാട് നടത്താൻ ഉപയോഗിച്ച ഫോൺ, ഓട്ടോറിക്ഷ എന്നിവയും ഇയാളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരിമരുന്ന് ഗുളികകളുമായി പിടിയിലാക്കുന്നത് ആദ്യമാണ്. നാലു രൂപ വിലയുള്ള ഒരു ലഹരിമരുന്ന് ഗുളിക 200 രൂപയ്ക്കാണ് മറിച്ച് വിൽപന നടത്തിയിരുന്നത്.

രാത്രി ആകുന്നതോടെ തുതിയൂർ ബോട്ട് ജെട്ടി, തുതിയൂർ ബസ്റ്റാന്റ്, തുതിയൂരിന് തെക്കേ അറ്റത്തുള്ള തുറസ്സായ പറമ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നിരവധി യുവാക്കൾ വന്നു പോകുന്നുവെന്നും ഓട്ടോറിക്ഷയിൽ വരുന്ന ആളിൽ നിന്ന് ലഹരിമരുന്ന് വാങ്ങാൻ വേണ്ടി എത്തുന്നവരാണ് ഇവരെന്നുമുള്ള വിവരം നേരത്തേ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച കാക്കനാട് ചിറ്റേത്ത്കര ഭാഗത്തുനിന്നും പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരമാണ് ഇക്കാര്യത്തിൽ നിർണായകമായത്. തുതിയൂർ ഭാഗത്ത് രാത്രി സവാരി നടത്തുന്ന ഒരാളാണ് ലഹരിമരുന്ന് നൽകിയതെന്ന് യുവാവ് വെളിപ്പെടുത്തി. ഇയാൾ തുതിയൂർ ഭാഗത്ത് രാത്രി എത്തിച്ചേരാൻ സാധ്യതയുള്ള സ്ഥലത്ത് കാത്തുനിന്ന എക്സൈസ് സംഘം ഓട്ടോറിക്ഷ തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിൽ എടുത്തത്.

ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി ഓട്ടത്തിനിടയിൽ പണം വാങ്ങിയ ശേഷം ലഹരിമരുന്ന് കൈമാറി തിരികെ അയാൾ കയറിയ സ്ഥലത്ത് തന്നെ ഇറക്കി വിടുന്നതാണ് രീതി. പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ നിരവധി യുവാക്കൾ ലഹരിമരുന്ന് കച്ചവടത്തിൽ സഹായികൾ ആയി നിന്നിട്ടുണ്ടെന്നും ലഹരിമരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ആയതിനാൽ വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകും. ഏതാനും മാസങ്ങൾക്ക് മുൻപ് തുതിയൂരിൽ വച്ച് ഐടി ഉദ്യോഗസ്ഥനിൽ നിന്ന് രാസലഹരി പിടികൂടി കസ്റ്റഡിയിൽ എടുക്കുന്നതിനിടെ, ഇയാൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വിദേശ ഇനം നായയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണിപിള്ള കേസിനാസ്പദമായ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി കാലങ്ങളിൽ തുതിയൂരിലെ വിവിധ പ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ നിരീക്ഷിച്ച് പരിശോധന നടത്തുമെന്നും, കാക്കനാട് ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ജിമ്മി ജോസഫ് അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.പി.മനൂപ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ എൻ.ഡി.ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫിസർ കെ.കെ.അരുൺ, സിഇഒ പി.പത്മഗിരീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com