ADVERTISEMENT

ആലുവ∙ അതിഥിത്തൊഴിലാളിയുടെ 5 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ദാരുണ സംഭവത്തിനു നാളെ ഒരു വയസ്സ് തികയുമ്പോൾ, കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കുടുംബം വാടകവീടു കിട്ടാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്കയിൽമാധ്യമങ്ങൾക്കു മുന്നിൽ ഇവരെ ചേർത്തുപിടിച്ച പലരും ഇന്നു കൂടെയില്ല. നിലവിലുള്ള വീട് 31ന് ഒഴിയണം. ഉടമ അതു മറ്റൊരാൾക്കു വിറ്റു. കേസിലെ ഏക പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് (29) എതിരെ 35–ാം ദിവസം കുറ്റപത്രം തയാറാക്കി 109–ാം ദിവസം വധശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസിനു കഴിഞ്ഞു. കഴുമരം കാത്തു ജയിലിൽ ഏകാന്ത തടവിലാണ് പ്രതി.

ഈ അതിഥിത്തൊഴിലാളി കുടുംബത്തിന്റെ കണ്ണീരൊപ്പാൻ അൻവർ സാദത്ത് എംഎൽഎ കൂടെയുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നും വ്യക്തികളിൽ നിന്നും ഇവർക്കു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ആദ്യം താമസിച്ചിരുന്ന വീടു സുരക്ഷിതമല്ലാത്തതിനാൽ എംഎൽഎ എടുത്തു കൊടുത്ത വീട്ടിലാണ് ഒരു വർഷമായി ഇവർ താമസിക്കുന്നത്. വീടിന്റെ പ്രതിമാസ വാടക 7,000 രൂപ എംഎൽഎ ആണു നൽകുന്നത്. ഇതറിഞ്ഞ ബെന്നി ബഹനാൻ എംപി 4 മാസമായി 3,000 രൂപ വീതം എംഎൽഎക്കു കൊടുക്കുന്നുണ്ട്.  ഇവർക്കു സ്ഥലം വാങ്ങി വീടു പണിതു നൽകാൻ എംഎൽഎയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു.

കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ 3 ലക്ഷം രൂപ ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി വീടുപണിക്കു നൽകിയ 5 ലക്ഷം രൂപ ബാലികയുടെ പിതാവിന്റെയും ബിജെപി മണ്ഡലം പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലും ഉണ്ട്. നവകേരള സദസ്സ് ആലുവയിൽ എത്തിയപ്പോൾ ബാലികയുടെ കുടുംബാംഗങ്ങൾ വീട് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.  മകളുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ നിന്നു സ്വദേശമായ ബിഹാറിലേക്കു മടങ്ങാൻ മനസ്സു വരുന്നില്ലെന്നു പറഞ്ഞ ഇവർക്കു മുഖ്യമന്ത്രി വീടു വാഗ്ദാനം ചെയ്തെങ്കിലും യോജ്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. ബാലിക കൊല്ലപ്പെടുമ്പോൾ ഒരു മാസം ഗർഭിണിയായിരുന്ന അമ്മ പിന്നീട് ഒരാൺകുഞ്ഞിനു ജന്മം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com