ADVERTISEMENT

ആലുവ∙ ‘മകളുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ ഒരു വീട്, കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾക്കായി ഒരു കല്ലറ, കുറ്റവാളിയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം’–ഈ 3 ആവശ്യങ്ങളേ തങ്ങൾക്കുള്ളൂ എന്ന് കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ. മകളുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അവളുടെ കുഴിമാടത്തിൽ പ്രാർഥിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകരയിൽ നിന്നു 2023 ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ 5 വയസ്സുള്ള മകളെ മറ്റൊരു ബിഹാർ സ്വദേശി അസഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതിക്കു കോടതി വധശിക്ഷ വിധിച്ചു.

ആലുവയിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത വീട് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പി. രാജീവിന് ഇതു സംബന്ധിച്ചു നിവേദനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പൂക്കളും സുഗന്ധദ്രവ്യങ്ങളും മൺചെരാതുകളേന്തി 4 മക്കളെയും കൂട്ടിയാണ് അവർ കീഴ്മാട് ശ്മശാനത്തിൽ എത്തിയത്. ഉത്തരേന്ത്യൻ രീതിയിൽ കുഴിമാടത്തിനു ചുറ്റും പൂക്കൾ വിതറി, വിളക്കുകൾ തെളിച്ചു പ്രാർഥിച്ച ശേഷം ആ മണ്ണിൽ മുഖം അമർത്തി ചുംബിച്ചു. മകളുടെ മരണശേഷം ജനിച്ച കുഞ്ഞനുജനെ ‘ദീദി’ക്കു മുൻപിൽ ഉയർത്തി കാണിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com