ADVERTISEMENT

കൊച്ചി∙ ട്രോളിങ് നിരോധനത്തിനു ശേഷം വൈപ്പിനിൽ നിന്നു കടലിൽ പോയ ബോട്ടുകൾക്കു കിട്ടിയതു കിളിമീൻ. തോപ്പുംപടി ഹാർബറിൽ നിന്നു പോയ ബോട്ടുകളിൽ ചെറിയ ഇനം ചൂര എത്തി. എന്നാൽ പഴ്സീൻ ബോട്ടുകളിൽ പലതും കാര്യമായ മീൻ കിട്ടാതെ മടങ്ങി. മൺസൂൺകാല ട്രോളിങ് നിരോധനം അവസാനിച്ചതോടെയാണു ബോട്ടുകൾ കടലിൽ പോയത്. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾക്കു കിളിമീനും കരിക്കാടി ചെമ്മീനും ലഭിച്ചത് കൊച്ചിയിലെ ബോട്ട് ഉടമകൾക്കു പ്രതീക്ഷ നൽകുന്ന കാര്യമാണ്.     

വൈപ്പിനിൽ ഇന്നലെ തിരിച്ചെത്തിയ ഏതാനും ബോട്ടുകൾക്കു സാമാന്യം വലിയ കിളിമീൻ കിട്ടി. വേണ്ടത്ര മീൻ സംഭരിച്ച ബോട്ടുകൾ ഇന്നു മുതൽ എത്തിത്തുടങ്ങും. പൂവാലൻ ചെമ്മീൻ കിട്ടാൻ സാധ്യതയുണ്ട്. കണവ, കിനാവള്ളി എന്നിവ ലക്ഷ്യമിട്ട് ദൂരേക്കു നീങ്ങിയ ബോട്ടുകൾ തിരിച്ചെത്താൻ ദിവസങ്ങൾ എടുക്കും. കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ചെറിയ ബോട്ടുകളിൽ ഒരു വിഭാഗം കടലിൽ പോയില്ല. മഴ കനക്കുകയും കടൽ ഇളകി മറിയുകയും ചെയ്യുന്നതു പ്രതിസന്ധിയാണെങ്കിലും ചെമ്മീൻ ലഭ്യതയ്ക്കു സാധ്യത കൂടുമെന്നു തൊഴിലാളികൾ പറയുന്നു. 

തോപ്പുംപടി ഹാർബറിൽ നിന്നു പോയി മടങ്ങിയ ബോട്ടുകളിൽ പലതിനും 25,000 മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള മീനാണു ലഭിച്ചത്. ഡീസലിനുള്ള മീൻ പോലും കിട്ടിയില്ലെന്ന് ചില ബോട്ട് ഉടമകൾ പറഞ്ഞു. തകരാർ മൂലം പണി എടുക്കാനാകാതെ മടങ്ങിയ ബോട്ടുകളുമുണ്ട്. ട്രോളിങ് ബോട്ടുകളും ചൂണ്ട ബോട്ടുകളും ഇന്നും തുടർന്നുള്ള ദിവസങ്ങളിലുമായി മടങ്ങിയെത്തും. ആഴക്കടൽ മത്സ്യബന്ധനത്തിനു പോകുന്ന ഗിൽനെറ്റ് ബോട്ടുകൾ അടുത്ത ആഴ്ച കടലിൽ‍ ഇറങ്ങും.

വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ബോട്ടുകൾ കടലിൽ പോയിട്ടുള്ളത്. അറ്റകുറ്റപ്പണി, ഡീസൽ, ഐസ് തുടങ്ങിയവയ്ക്ക് ഒരു ബോട്ടിനു ശരാശരി 4 ലക്ഷത്തോളം രൂപ ചെലവുണ്ട്. ആദ്യത്തെ 2 ട്രിപ്പിൽ നല്ല കാച്ച് കിട്ടിയാലേ ഈ സീസണിൽ പിടിച്ചു നിൽക്കാൻ കഴിയൂ. വർഷം ശരാശരി 250 ദിവസം പണി ഉണ്ടാകുന്ന സ്ഥാനത്ത് കഴിഞ്ഞ സീസണിൽ 80– 85 ദിവസം മാത്രമാണു ട്രോളിങ് ബോട്ടുകൾക്കു കടലിൽ പോകാനായത്. ഡീസൽ വില കൂടിയതും മത്സ്യത്തിനു വില കിട്ടാതിരുന്നതും തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com