ADVERTISEMENT

കാക്കനാട്∙ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്ന ഗുണ്ടകളിൽ ചിലർ നാടു കടത്തൽ സമയ പരിധി തീരും മുൻപേ നാട്ടിൽ തിരിച്ചെത്തുന്നതായി പൊലീസ്. ചിലർ രാത്രിയിലെത്തി രാവിലെ മടങ്ങുന്നതായും മറ്റു ചിലർ ഇവിടെ രഹസ്യ കേന്ദ്രങ്ങളിൽ സ്ഥിര താമസമാക്കിയിട്ടുണ്ടെന്നുമാണ് നിഗമനം. നാടു കടത്തപ്പെട്ട ഗുണ്ടകളുടെ മേൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാപ്പ ചുമത്തി നാടു കടത്തിയിരുന്ന ഗുണ്ടയെ രണ്ടു മാസം മുൻപ് തൃക്കാക്കര പൊലീസ് പാലച്ചുവടിൽ നിന്ന് പിടികൂടിയിരുന്നു.

ഇവിടെ രഹസ്യ താവളത്തിൽ ക്യാംപ് ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് നാടു കടത്തപ്പെട്ട ഗുണ്ടകളിൽ ചിലർ രാത്രി നാട്ടിൽ വന്നു പോകുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. ചില ഗുണ്ടകൾ നാട്ടിലെത്തിയതായി വിവരം ലഭിച്ചു പൊലീസ് അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷ്യൽ ആക്റ്റ്) ചുമത്തി റിമാൻഡ് ചെയ്യുന്നത് കലക്ടറാണെങ്കിലും നാടു കടത്താനുള്ള അധികാരം പൊലീസ് ഐജിമാർക്കാണ്.  നാടു കടത്തപ്പെടുന്ന പ്രതികളുടെ പിന്നീടുള്ള നീക്കം പൊലീസ് കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നത് മുതലാക്കിയാണ് ചില ഗുണ്ടകൾ തിരിച്ചെത്തുന്നത്.

നാടു കടത്തിയവർ  ‘ക്വട്ടേഷൻ’ ഏറ്റാൽ  തെളിയിക്കാനാകില്ല
കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ രാത്രിയുടെ മറവിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കേസു തെളിയിക്കൽ പൊലീസിനു ക്ലേശകരമാകും. സാക്ഷികളോ സിസി ടിവി ദൃശ്യങ്ങളോ കിട്ടാത്ത കുറ്റകൃത്യങ്ങളിൽ ഇവർക്കു എളുപ്പം കേസിൽ നിന്നു രക്ഷപ്പെടാം. നിശ്ചിത കാലത്തേക്ക് നാടു കടത്തപ്പെട്ട ആളാണെന്ന് പൊലീസ് രേഖകളിലുള്ളതിനാൽ തങ്ങൾ സ്ഥലത്തില്ലായിരുന്നുവെന്ന് ഈ ഗുണ്ടകൾക്ക് എളുപ്പത്തിൽ തെളിയിക്കാനാകും. 6 മാസം മുതൽ ഒരു വർഷം വരെയാണ് സാധാരണ നിലയിൽ കാപ്പ പ്രകാരം നാടു കടത്തുന്നത്. നാടു കടത്തപ്പെട്ട ഗുണ്ടകൾ കാലാവധി കഴിയും മുൻപേ നാട്ടിലെത്തിയതായി ബോധ്യമായാൽ ഇവരെ പിടികൂടി റിമാൻഡ് ചെയ്യാനാകും.

English Summary:

Police Intensify Surveillance as Deported Gangsters Sneak Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com