വാഹന പാർക്കിങ് തടയാൻ ‘ഗാർഡ് സ്റ്റോൺസ്’
Mail This Article
ഏലൂർ ∙ വാഹന പാർക്കിങ് തടയാൻ റോഡരികിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു നഗരസഭയും കോൺക്രീറ്റ് കുറ്റികൾ (ഗാർഡ് സ്റ്റോൺ) സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതോടെ ഏലൂരിൽ വാഹന പാർക്കിങ് സൗകര്യം ചുരുങ്ങി. വ്യവസായ മേഖലയിലേക്കു വരുന്ന ലോറികൾക്കു പാർക്കു ചെയ്യാൻ പകരം സംവിധാനം ഒരുക്കാതെയുള്ള പ്രവർത്തനം പ്രതിഷേധത്തിനിടയാക്കി.
ടിസിസിക്കു സമീപം റോഡരികിൽ കുഴികളെടുത്തു കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കാനുള്ള ശ്രമം കോൺഗ്രസ് കൗൺസിലർമാരും പ്രവർത്തകരും തടഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി ജോലികൾ നിർത്തിവയ്ക്കുകയാണെന്നു പ്രതിഷേധക്കാരെ അറിയിച്ചു.
ടിസിസിയിലേക്കു വരുന്ന ടാങ്കർ ലോറികൾ എൻട്രി പാസിനായി പാർക്കു ചെയ്യുന്ന ഇടം പൂർണമായി നഷ്ടപ്പെടുത്തി റോഡിനോടു ചേർന്നാണു കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കാൻ കുഴിയെടുത്തത്. ഇതുമൂലം ലോറികൾ റോഡിൽ പാർക്കു ചെയ്യേണ്ടിവരുമെന്നും കൂടുതൽ അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്നും നാട്ടുകാരും പരാതിപ്പെട്ടു.
സീപോർട്ട്–എയർപോർട്ട് റോഡ്, കണ്ടെയ്നർ റോഡ് എന്നിവിടങ്ങളിലെ കണ്ടെയ്നർ, ടാങ്കർ ലോറികളുടെ പാർക്കിങ് ഒഴിവാക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നതു തടയുന്നതിനും ഏപ്രിൽ 18ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് റോഡിൽ ഗാർഡ് സ്റ്റോൺസ് സ്ഥാപിക്കുന്നത്.
റോഡിനോടു ചേർന്നാണ് കുറ്റികൾ സ്ഥാപിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കും ഗോഡൗണുകളിലേക്കും ചരക്കുമായി വരുന്ന ലോറികളും വ്യവസായ മേഖലയിൽ പാർക്കിങ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഓണം ഉൾപ്പെടെ ഉത്സവ കാലമായതിനാൽ കൊച്ചിയിലേക്കു ചരക്കുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവയ്ക്കൊന്നും പാർക്കിങ് സൗകര്യമില്ല. വ്യവസായ മേഖലയിൽ ട്രക്ക് ടെർമിനൽ സ്ഥാപിക്കണമെന്ന മൂന്നു ദശകമായുള്ള ആവശ്യം അധികാരികൾ പരിഗണിക്കുന്നുമില്ല.