പച്ചാളം - വടുതല പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കണം: മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കൊച്ചി∙ പച്ചാളം- വടുതല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സുഗമമായി കുടിവെള്ളം ലഭിക്കാൻ 6 ഇഞ്ച് വ്യാസമുള്ള 160 പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. 3 മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
കൊച്ചി പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയറും പ്രോജക്ട് ഡിവിഷൻ സൂപ്രണ്ടിങ് എൻജിനീയറും സംയുക്തമായി നടപടി സ്വീകരിക്കണം. പണികൾ പൂർത്തിയാകുന്നതുവരെ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ ഗുണനിലവാരമുള്ള ശുദ്ധജലം എത്തിക്കണം. കുടിവെള്ള ലഭ്യതയ്ക്കായി റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾക്ക് ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറും കൊച്ചി നഗരസഭാ സെക്രട്ടറിയും ലോർഡ്സ് കോട്ടജ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 2025 ജനുവരി 31ന് മുൻപ് കമ്മിഷന് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വടുതല ലോർഡ്സ് കോട്ടജ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.കെ.ഷീബ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെയുള്ള 70 ഓളം വീടുകൾ ഗുരുതരമായ ജലക്ഷാമം നേരിടുന്നുവെന്നാണ് പരാതി. ഓഗസ്റ്റ് 22ന് നടന്ന സിറ്റിങ്ങിൽ കൊച്ചി നഗരസഭ ഓവർസിയറും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഹാജരായി. കൊച്ചി നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 19 കോടിയുടെ പദ്ധതി പൂർത്തിയാകുമ്പോൾ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാസം കൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ പരാതി പരിഹരിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു.