ADVERTISEMENT

കൊച്ചി ∙ റെയിൽവേ സ്റ്റേഷൻ ക്ലാസിഫിക്കേഷനിൽ ജില്ലയിലെ രണ്ടു സ്റ്റേഷനുകൾക്ക് സ്ഥാനക്കയറ്റം. നോൺ സബേർബൻ ഗ്രൂപ്പ് (എൻഎസ്ജി)– 2 വിഭാഗത്തി‍ൽ എറണാകുളം ടൗൺ സ്റ്റേഷൻ ഇടം നേടിയപ്പോൾ എൻഎസ്ജി–4 വിഭാഗത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ ഇടം നേടി. വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കാക്കി 5 വർഷം കൂടുമ്പോൾ പുതുക്കുന്ന സ്റ്റേഷൻ പട്ടികയിലാണു ജില്ലയിലെ രണ്ടു സ്റ്റേഷനുകൾക്കു നേട്ടം. 100 കോടിയിലേറെ രൂപ വരുമാനം നേടിയ സ്റ്റേഷനുകളാണ് എൻഎസ്ജി– 2 വിഭാഗത്തി‍ലുള്ളത്. ടൗൺ സ്റ്റേഷൻ മുൻപ് എൻഎസ്ജി– 3 വിഭാഗത്തിലായിരുന്നു.എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ ഈ വിഭാഗത്തിൽ നേരത്തേ ഇടം നേടിയതാണ്. എറണാകുളം ജംക്‌ഷൻ (241.7 കോടി രൂപ), ടൗൺ (139 കോടി), ആലുവ (83.19 കോടി), തൃപ്പൂണിത്തുറ (11.10 കോടി) സ്റ്റേഷനുകൾ ചേർന്നുള്ള വരുമാനം 475 കോടിയിലേറെ രൂപയാണ്. ടിക്കറ്റ് വരുമാനം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം ഉൾപ്പെടെ വിലയിരുത്തിയാണു പട്ടിക തയാറാകുന്നത്.

വരുമാനം കൂടുതലുണ്ടെങ്കിലും അതിന് ആനുപാതികമായി ട്രെയിനുകൾ കിട്ടുന്നില്ല. വികസനകാര്യങ്ങളിലും സ്റ്റേഷനുകൾ ഇഴയുകയാണ്. ഏറെക്കാലത്തെ ആവശ്യമായിട്ടും എറണാകുളം ജംക്‌ഷൻ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാൻ തിരുവനന്തപുരം ഡിവിഷൻ കരാർ ക്ഷണിച്ചതു കഴിഞ്ഞ മാസമാണ്. 6 പ്ലാറ്റ്ഫോമുകളുള്ള ജംക്‌ഷൻ സ്റ്റേഷനിൽ 1,3,4 പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ കഴിയുന്നത്. ടൗൺ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാൻ നടപടിയായതും ഇപ്പോൾ മാത്രം.

എറണാകുളത്തു നിന്നുള്ള ബെംഗളൂരു വന്ദേഭാരത് ട്രെയിൻ താൽക്കാലിക സ്പെഷൽ സർവീസായി ഓടിച്ചശേഷം നിർത്തി. എറണാകുളം– വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇപ്പോഴും ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണു സർവീസ്. ഇതു ദിവസവുമുള്ള ട്രെയിനാക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള പുതിയ രാത്രികാല സർവീസ് എന്ന ആവശ്യവും അധികൃതർ കേട്ടമട്ടില്ല. എറണാകുളത്ത് രാവിലെ അഞ്ചോടെ എത്തുന്ന സർവീസ് വേണമെന്നാണ് ആവശ്യം. എറണാകുളം ജംക്‌ഷൻ, ടൗൺ സ്റ്റേഷൻ വികസനജോലികൾ നടക്കുന്നുണ്ടെങ്കിലും ജംക്‌ഷനിലെ ജോലി ഇഴയുന്നതായി പരാതിയുണ്ട്. എറണാകുളം മാർഷലിങ് യാഡിലെ ടെർമിനൽ പദ്ധതിക്കും അനക്കമില്ല. കൊച്ചി ഹാർബർ ടെർമിനസ് വികസനവും ഒന്നുമായില്ല.

English Summary:

Ernakulam Town and Tripunithura railway stations in Kochi have received upgrades in the national classification based on revenue and passenger traffic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com