‘കണ്ണില്ലാത്ത ക്രൂരതയുമായി പള്ളിക്കൂടത്തിൽ കള്ളന്മാർ’
Mail This Article
നെടുമ്പാശേരി ∙ ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളുടെയും മറ്റും വാതിലുകളും ഇലക്ട്രിക് വയറിങ്ങും തകർക്കുകയും ഇലക്ട്രിക് വയറുകൾക്കുള്ളിലെ ചെമ്പ് കമ്പികൾ മോഷ്ടിക്കുകയും ചെയ്തു. വയറുകളിലെ ചെമ്പ് കമ്പികൾ മോഷ്ടിക്കുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. നാല് ക്ലാസ് മുറികളുടെയും ഹെഡ്മാസ്റ്ററുടെയും ജീവനക്കാരുടെയും മുറികളുമാണ് കുത്തിപ്പൊളിച്ച് അകത്ത് കയറി നശിപ്പിച്ചിട്ടുള്ളത്. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് സ്വിച്ച് ബോർഡുകൾ കേട് വരുത്തുകയും വയറുകൾ വലിച്ചെടുത്ത് അതിലെ ചെമ്പ് കമ്പികൾ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തിട്ടുമുള്ളത്.
ക്ലാസ് മുറികളിലെ സീലിങ് ഫാനുകളുടെ അടിഭാഗം അഴിച്ചെടുത്ത് മോട്ടറുകളിലെ ചെമ്പ് കമ്പികൾ എടുത്ത ശേഷം ബാക്കിയുളളവ ക്ലാസ് മുറിയിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ക്ലാസ് മുറികളിലെ പ്രൊജക്ടറുകളും കേട് വരുത്തിയിട്ടുണ്ട്. സ്കൂളിൽ ശുദ്ധജലത്തിനായി സ്ഥാപിച്ച 10000 ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ പ്യൂരിഫയറിന്റെ മോട്ടറും തകർത്തിട്ടുണ്ട്്. സ്റ്റാഫ് റൂമിലെ അലമാര തകർത്ത് വിലപ്പെട്ട രേഖകളും വസ്തുക്കളും വാരി വിതറിയ നിലയിലാണ്.
ഇന്നലെ രാവിലെ ഓഫിസ് തുറക്കാൻ അറ്റൻഡർ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. ചെങ്ങമനാട് പൊലീസ് എത്തി പരിശോധനകൾ നടത്തി. പൊലീസ് നായയും സയന്റിഫിക് വിഭാഗവും എത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഒട്ടേറെ തവണ സ്കൂളിൽ മോഷണവും സാമൂഹിക വിരുദ്ധരുടെ ആക്രമണവും ഉണ്ടായെങ്കിലും പൊലീസ് കാര്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.