വല വീശിയും ചൂണ്ട കൊണ്ടും പിടിക്കുമ്പോൾ വിലയിൽ വ്യത്യാസം; മുനമ്പത്ത് 'തളയൻ' ചാകര
Mail This Article
വൈപ്പിൻ∙ മീൻ വറുതിക്കിടെ മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി തളയൻ മീനുകൾ. നാട്ടിൽ പാമ്പാട എന്നും വിദേശത്ത് റിബൺ ഫിഷ് എന്നും അറിയപ്പെടുന്ന ഇവ ഏതാനും ദിവസങ്ങളായാണ് മുനമ്പത്ത് ബോട്ടുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. വല ഉപയോഗിച്ചും ചൂണ്ട ഉപയോഗിച്ചും പിടിക്കുമ്പോൾ വിലയിൽ വ്യത്യാസം വരുന്ന മീൻ എന്ന പ്രത്യേകത കൂടി തളയനുണ്ട്. വലയിൽ കുടുങ്ങുമ്പോൾ ശരീരത്തിന്റെ ഉപരിതലത്തിലുള്ള വെള്ളി ആവരണം നഷ്ടമാകുന്നു.
ഇത്തരത്തിൽ കാഴ്ചയ്ക്ക് പൊലിമ കുറയുന്നതോടെയാണ് വിലയിലും കുറവ് വരിക. ഇത്തരത്തിലുള്ള തളയനാണ് ഇപ്പോൾ മുനമ്പം ഹാർബറിലും മറ്റും എത്തിക്കൊണ്ടിരിക്കുന്നത്. കിലോഗ്രാമിന് 110 മുതൽ 120 വരെ രൂപയ്ക്കാണ് കച്ചവടം. അതേസമയം ചൂണ്ട ഉപയോഗിച്ച് പിടിക്കുമ്പോൾ കേടുപാടുകൾ ഒന്നും സംഭവിക്കാതെ തിളങ്ങുന്ന നിറത്തിൽ കിട്ടുന്ന പാമ്പാടയ്ക്ക് വില കൂടും.
കടലിൽനിന്ന് ലഭിക്കുന്ന മറ്റു മത്സ്യങ്ങളുടെ അളവ് വളരെ കുറഞ്ഞിരിക്കുകയാണെന്നും ബോട്ടുകാർ പറയുന്നു. അപ്രതീക്ഷിതമായി തളയൻ രക്ഷകനായി അവതരിച്ചതോടെയാണ് മേഖലയ്ക്ക് ആശ്വാസമായത്. വർഷങ്ങൾക്കു മുൻപ് പലവട്ടം വൈപ്പിനിലെ ഹാർബറുകളിൽ തളയൻ ചാകര ദൃശ്യമായിരുന്നു. വൻതോതിൽ ആണ് അന്നൊക്കെ ബോട്ടുകൾക്ക് ഈ മത്സ്യം ലഭിച്ചത്. പ്രാദേശികമായി വിറ്റു പോകാറുണ്ടെങ്കിലും കയറ്റുമതി വിപണിയിലാണ് പാമ്പാടയ്ക്ക് കൂടുതൽ പ്രിയം.