ADVERTISEMENT

കാഞ്ഞിരമറ്റം ∙ ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ. എറണാകുളം-കോട്ടയം സംസ്ഥാന പാതയുടെ തകർന്നു കിടക്കുന്ന മില്ലുങ്കൽ മുതൽ പുത്തൻകാവ് വരെയുള്ള റോഡ് നവീകരണ പദ്ധതിയാണ് ടെൻഡർ നൽകാൻ പോലും കരാറുകാർ തയാറാകാത്തതിനെ തുടർന്നു പ്രതിസന്ധിയിലായത്. ഒന്നര കിലോമീറ്ററുള്ള റോഡ് ടാർ ചെയ്യുന്നതിനും കാടുകയറിക്കിടക്കുന്ന വശങ്ങൾ മനോഹരമാക്കുന്നതിനുമായി 3 കോടി രൂപയാണു സർക്കാർ അനുവദിച്ചത്.

നടപടികൾ പൂർത്തിയാക്കി ടെൻഡർ ക്ഷണിച്ചെങ്കിലും അവസാന തീയതിയായ 18 വരെ ഒരാൾ പോലും ടെൻഡർ നൽകിയില്ല. നേരത്തെ പൂർത്തീകരിച്ച പദ്ധതികളുടെ തുക സർക്കാരിൽ നിന്നു ലഭിക്കാത്തതാണു കരാറുകാർ വിട്ടു നിൽക്കാൻ കാരണം.ആരും ടെൻഡറിൽ പങ്കെടുക്കാത്തതിനാൽ ടെൻഡർ തീയതി നാളെ വരെ നീട്ടിയിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടെൻഡറിൽ പങ്കെടുക്കാൻ വിവിധ കരാറുകാരെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവായതോടെ എങ്ങനെയും കരാറുകാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

തുടരുമോ, ഈ ദുരിതം?
സംസ്ഥാന പാതയുടെ ഒരു നിലവാരവും ഇല്ലാത്ത റോഡ് യാത്രക്കാർക്കു ഭീഷണിയായി മാറിയിട്ടു കാലങ്ങളായി. വീതികുറഞ്ഞ പാലം, കൊടും വളവ്, ഇരുവശങ്ങളിലും സുരക്ഷയില്ലാതെ തോടും ചതുപ്പും ഇങ്ങനെ നീളുന്നു റോഡിലെ അപകടക്കെണികളുടെ നിര. മറ്റു സ്ഥലങ്ങളിൽ ശരാശരി 7 മീറ്റർ വീതിയുള്ള റോഡിന് ഇവിടെ 5 മീറ്ററാണു വീതി. ഇതിൽ ഏറിയ ഭാഗത്തും ഒരു വശത്തു മില്ലുങ്കൽ തോടും മറുവശത്ത് ചതുപ്പും ആയതിനാൽ റോഡ് വിട്ടിറങ്ങിയാൽ വാഹനം അപകടത്തിൽപെടും. വശങ്ങളിൽ കാടു പിടിച്ചതിനാൽ കാൽനട യാത്രയും ദുസ്സഹമാണ്.

റോഡിന്റെ ദുരവസ്ഥ ശ്രദ്ധയിൽപെട്ട മനുഷ്യാവകാശ കമ്മിഷൻ 6 വർഷം മുൻപു റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന് ഉത്തരവിട്ടെങ്കിലും ഒന്നും നടന്നിട്ടില്ല. കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണു റോഡിൽ നടന്നത്. വശത്തെ തോട്ടിലേക്കും ചതുപ്പിലേക്കു വാഹനങ്ങൾ മറിയുന്നതു വർധിച്ചിട്ടും സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം.

English Summary:

The Millumkal-Puthankavu road renovation project in Kanjiramattom hangs in the balance. Despite government funding, the dilapidated stretch on the Ernakulam-Kottayam state highway faces a significant hurdle as contractors are unwilling to participate in the tender process, leaving the future of the much-needed upgrade uncertain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com