5.36 കോടി രൂപ പാഴാക്കിയ ശേഷം അധികൃതർ തിരിച്ചറിഞ്ഞു: കടൽജലത്തിലേ സ്രാവ് വളരൂ!
Mail This Article
മലപ്പുറം ജില്ലയിലെ മറൈൻ മ്യൂസിയത്തിന്റെ കാര്യത്തിൽ ഒടുവിൽ ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം; മ്യൂസിയത്തിൽ വമ്പൻ സ്രാവും കടൽജീവികളുമുണ്ടാകില്ലത്രേ.കൂറ്റൻ സ്രാവിനെ ജീവനോടെ നിലനിർത്താൻ മാത്രം ഒരു കോടി രൂപ ചെലവഴിച്ച് ‘ഷാർക്ക് പൂൾ’ ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചു നിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥർ പറയുന്നത്, സ്രാവ് വരില്ലെന്ന്. കോടികളാണ് ഇൗ പദ്ധതിയുടെ പേരിൽ ടൂറിസം വകുപ്പ് തുലച്ചിരിക്കുന്നത്. ഒരിക്കലും വരാത്ത സ്രാവിനും കടൽജീവികൾക്കും വേണ്ടി പൊന്നാനി ഇൗശ്വരമംഗലത്ത് വമ്പൻ ‘ഷാർക്ക് പൂൾ’ ഉൾക്കൊള്ളുന്ന മറൈൻ മ്യൂസിയം നിർമിച്ചത് അഴിമതിയുടെ നേർസാക്ഷ്യമാവുകയാണ്. കടൽജലമില്ലാതെ സ്രാവും കടൽജീവികളും വളരില്ലെന്നും അതുകൊണ്ടു മ്യൂസിയം പദ്ധതി പാളിയെന്നും അവസാന നിമിഷം ഉദ്യോഗസ്ഥർ സമ്മതിക്കുകയാണ്. 2014ൽ ഭരണാനുമതിയായ പദ്ധതി, ഒരു പതിറ്റാണ്ട് ഇഴഞ്ഞുനീങ്ങി മ്യൂസിയത്തിന്റെ കെട്ടിടനിർമാണം ഏതാണ്ട് പൂർണതയിലെത്തുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഇൗ കുറ്റസമ്മതം.
സ്രാവിന്റെ അസ്ഥികൂടം ആയാലോ?
‘ഷാർക്ക് പൂളിൽ ജീവനോടെയല്ലെങ്കിലും സ്രാവിന്റെ അസ്ഥികൂടം കൊണ്ടുവന്നു വയ്ക്കാവുന്നതാണ്’– ഇടയ്ക്ക് ഒരു യോഗം ചേർന്നപ്പോൾ ഒരു ഉദ്യോഗസ്ഥന്റേതായി അഭിപ്രായം വന്നു. മ്യൂസിയം എന്തു ചെയ്യണമെന്നു ടൂറിസം വകുപ്പിനും ഡിടിപിസിക്കും ഇപ്പോഴും ധാരണയില്ല. കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുമ്പോഴാണ് ഇൗ ഗതികേട്. വിദഗ്ധരെ കൊണ്ടുവരും, വിദഗ്ധാഭിപ്രായം തേടിക്കൊണ്ടിരിക്കുന്നുവെന്നൊക്കെയാണ് ഇരു വിഭാഗത്തിന്റെയും മറുപടി. പദ്ധതിയുടെ പേരിൽ ഇതുവരെയും ഒരു അന്വേഷണവും വന്നിട്ടില്ല. പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥരോട് ആരും വിശദീകരണവും തേടിയിട്ടില്ല.നാളെ: മറൈൻ മ്യൂസിയം പദ്ധതി പൊളിഞ്ഞതോ പൊളിച്ചതോ?
.കടൽ 5 കിലോമീറ്റർ അകലെ
സ്രാവും മറ്റു കടൽജീവികളുമറിയുന്നുണ്ടോ അവരുടെ പേരിൽ ടൂറിസം വകുപ്പ് പാഴാക്കിക്കളഞ്ഞത് സർക്കാരിന്റെ 5.36 കോടി രൂപയാണെന്ന്! കടൽജലമില്ലാതെ ഇൗ ജീവികളെയൊന്നും മ്യൂസിയത്തിൽ എത്തിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത് അവസാന നിമിഷം. പദ്ധതിക്കു മുന്നോടിയായി ഒരു പഠനവും നടന്നില്ല. ഷാർക്ക് പൂളിനായി ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും മറൈൻ മ്യൂസിയം നിർമിക്കാനായി ടൂറിസം വകുപ്പിന്റെ 4.36 കോടി രൂപയുമാണ് അനുവദിക്കപ്പെട്ടത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു നിർമാണച്ചുമതല. നിർമാണം ഏറ്റെടുത്തു നടത്തിയത് സ്റ്റേറ്റ് നിർമിതിയും.കടൽജലം മറൈൻ മ്യൂസിയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ കടൽജീവികളെ കൊണ്ടുവരാനാകൂ. മ്യൂസിയത്തിന് 5 കിലോമീറ്റർ അകലെയാണു കടൽ. അവിടെനിന്നു ദിവസവും ജലമെത്തിക്കുന്നതു പ്രായോഗികമല്ല. സ്രാവും കടൽമത്സ്യങ്ങളും മ്യൂസിയത്തിൽ നിലനിൽക്കില്ല.