ADVERTISEMENT

ആലങ്ങാട് ∙ കരുമാലൂർ ആനച്ചാലിൽ അടച്ചിട്ട പടക്ക വിൽപനശാലയും ഗോഡൗണുകളും കുത്തിത്തുറന്നു വൻ മോഷണം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി പരാതി. ആലുവ– പറവൂർ റോഡിൽ ആനച്ചാൽ വളവിലുള്ള ബർമ ഫയർ വർക്സ് എന്ന പടക്ക വിൽപനശാലയിലാണു മോഷണം നടന്നത്. സ്ഥാപനം ഒരാഴ്ചയിലേറെയായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കടയുടമയുടെ ബന്ധു വന്നപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു. 

ദീപാവലിക്കു വേണ്ടി സ്റ്റോക്ക് ചെയ്തിരുന്ന ലക്ഷക്കണക്കിനു രൂപയുടെ പടക്കങ്ങൾ കടയിലും കടയോടു ചേർന്നുള്ള ഗോഡൗണിലുമായി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം മോഷണം പോയതായി ഉടമയായ രമണി രാമകൃഷ്ണൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ആനച്ചാൽ പുഴയോടു ചേർന്നുള്ള രണ്ടു ഗോഡൗണുകളുടെ വാതിലും ആലുവ– പറവൂർ റോഡരികിലുള്ള പടക്ക വിൽപനശാലയുടെ പിന്നിലെ വാതിലും പൊളിച്ചാണു മോഷ്ടാക്കൾ അകത്തു കടന്നത്. സിസിടിവിയും വയറിങ്ങും ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. 

പടക്കക്കട അടച്ചിട്ടിരിക്കുന്ന വിവരം കൃത്യമായി മനസ്സിലാക്കിയാണു മോഷണം നടന്നിരിക്കുന്നത്. ആ സ്ഥിതിക്കു പരിചയമുള്ള ആരെങ്കിലുമാകാം മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  ആലങ്ങാട് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ആനച്ചാൽ പുഴ വഴിയാകാം മോഷ്ടാക്കൾ എത്തിയതെന്ന സംശയവുമുണ്ട്. 

തത്തപ്പിള്ളിയിലും മോഷണം 
തൊട്ടടുത്ത പ്രദേശമായ തത്തപ്പിള്ളി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലും കഴിഞ്ഞദിവസം മോഷണം നടന്നു.  ക്ഷേത്രത്തിലെ ഉരുളി, വിളക്കുകൾ, ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന നിലവിളക്കുകൾ എന്നിവയാണു നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ തിടപ്പിള്ളിയുടെ വാതിൽ കുത്തിപ്പൊളിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കരുമാലൂർ– കോട്ടുവള്ളി മേഖല കേന്ദ്രീകരിച്ച് അടിക്കടി മോഷണം തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary:

A closed firecracker shop and godowns in Alangad, Kerala, were robbed, with lakhs of rupees worth of firecrackers stolen. The thieves also targeted a nearby temple. Police are investigating the incidents, which have sparked fear and demands for increased security among locals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com