അപേക്ഷകർക്ക് മറുപടിയല്ല വിവരങ്ങൾ നൽകണം: സംസ്ഥാന വിവരാവകാശ കമ്മിഷണർ
Mail This Article
കൊച്ചി∙ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് യഥാസമയം കൈമാറേണ്ടതെന്നും അതു നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം. കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘വിവരങ്ങൾ അറിയാനുള്ളതാണ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിവരാവകാശ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭ യോഗങ്ങളടക്കമുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ അദൃശ്യമായ കാമറകളാണ് വിവരാവകാശ രേഖകള്‍. വിവരാവകാശ രേഖപോലെ ആധികാരികമായതും വിശ്വാസ യോഗ്യത ഉള്ളതുമായ രേഖ മറ്റൊന്നില്ല. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ ഇന്ത്യയും സംസ്ഥാനവും വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ മാധ്യമങ്ങളും താല്‍പര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസ തലം മുതൽ ആർടിഐ നിയമം പാഠ്യവിഷയമാക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ അരൂക്കുറ്റി, കെ.ബി. ലിബീഷ്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ, പ്രസിഡന്റ് ആർ.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.