ADVERTISEMENT

നെടുമ്പാശേരി ∙ പരിസര പ്രദേശങ്ങളെല്ലാം വികസിച്ചപ്പോഴും അര നൂറ്റാണ്ടിലേറെയായി ചെങ്ങമനാട് കവല ഒരു മാറ്റവുമില്ലാതെ അതേ പടി തന്നെ . വാഹനങ്ങളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചെങ്കിലും ചെങ്ങമനാട് കവലയ്ക്ക് മാറ്റമുണ്ടായില്ല. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുകയാണ് ജനങ്ങൾ.കവലയുടെ ചുറ്റു ഭാഗത്തുള്ള പ്രദേശങ്ങളായ ചുങ്കം, പാലപ്രശേരി, പൊയ്ക്കാട്ടുശേരി, അത്താണി ഭാഗങ്ങളെല്ലാം വികസനത്തിന്റെ ഭാഗമായെങ്കിലും ചെങ്ങമനാട് കവല ഇതിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്.  ആലുവ, തലക്കൊള്ളി, പുതുവാശേരി, പനയക്കടവ് എന്നിവിടങ്ങളിൽ നിന്ന് പാനായിത്തോട് പാലവും പനയക്കടവ് പാലവും കടന്ന് എത്തുന്ന വാഹനങ്ങൾ ചെങ്ങമനാട് കവലയിലെ തെക്ക് ഭാഗത്ത് എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ ഭാഗത്ത് മാഞ്ഞാലി വഴിയെത്തുന്ന വാഹനങ്ങൾ കയറ്റം കയറി കവലയിലെ പടിഞ്ഞാറു ഭാഗത്തും എത്തിച്ചേരുന്നു. മാള, അന്നമനട, കണക്കൻകടവ്, വട്ടപ്പറമ്പ്, കുറുമശേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ കവലയിലെ വടക്കു വശത്തു കൂടി കവലയിലേക്ക് പ്രവേശിക്കുന്നു.

ദേശീയപാതയിൽ ആലുവ, അങ്കമാലി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അത്താണി വഴി കവലയുടെ കിഴക്കേ ഭാഗത്തു കൂടിയും ചെങ്ങമനാട് കവലയിലെത്തുന്നു. ഇതിനു പുറമേ ഇട റോഡുകളിലൂടെ ചെങ്ങമനാട് കവലയിൽ നേരിട്ടെത്തുന്ന വാഹനങ്ങളുമേറെ. ഭാരവാഹനങ്ങളും ദീർഘദൂര ബസ് സർവീസുകളുമടക്കം നൂറുക്കണക്കിന് വാഹനങ്ങളാണ് ചെങ്ങമനാട് കവലയിലൂടെ എപ്പോഴും സഞ്ചരിക്കുന്നത്. വലിയ കണ്ടെയ്നറുകളുടെയും വിമാനത്താവളത്തിലേക്കുള്ള ഒട്ടേറെ കാറുകളുടെയും സഞ്ചാരവും ഇതു വഴി തന്നെ. വിമാനത്താവളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ചെങ്ങമനാട് കവലയിൽ ഇത്രയേറെ തിരക്കുണ്ടായിട്ടും കവല വികസിപ്പിക്കുന്ന കാര്യത്തിൽ അധികൃതർക്ക് അമാന്തമാണ്. 

ചെങ്ങമനാട് കവലയുടെ വികസനത്തിന് എന്ന പേരിൽ പതിറ്റാണ്ടു കാലം മുമ്പു മുതൽ പല പദ്ധതികളും ആവിഷ്കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല. റോഡ് വികസനത്തിന് ഉപയോഗിക്കാവുന്ന പുറമ്പോക്ക് ഭൂമി പലരും  കയ്യേറിയിരിക്കുന്നതാണ് കവലയുടെ വികസനത്തിന്  വിലങ്ങുതടിയായി മാറിയിരിക്കുന്നത്. പുറമ്പോക്ക് ഭൂമിയിലല്ലാത്തവരെ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ സ്ഥലവും നൽകി മാറ്റാനും അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. 

English Summary:

Despite surrounding areas experiencing growth, Chengamanad junction in Kerala remains stuck in time, leading to crippling traffic congestion. This article highlights the lack of infrastructure development and the difficulties faced by commuters due to the increasing traffic flow from various connecting areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com