ADVERTISEMENT

പറവൂർ ∙ ഉൾനാടൻ ജലാശയങ്ങളിൽ പോളപ്പായൽ നിറഞ്ഞു തുടങ്ങി. വരുന്ന ഏതാനും മാസങ്ങൾ മത്സ്യബന്ധനം പ്രതിസന്ധിയിലാകാൻ സാധ്യത. പെരിയാറിൽ ചെറിയപ്പിള്ളി പാലത്തിനു മുകളിൽ നിന്നു നോക്കിയാൽ പുഴ മൂടിക്കിടക്കുന്ന നിലയിൽ പായൽ കാണാം. മറ്റു പലയിടത്തും പായൽ വർധിച്ചു വരുന്നു. ഓരോ വർഷവും പായൽ കൂടുതൽ വ്യാപകമാകുകയാണ്. പായൽ നിറഞ്ഞ പുഴയിൽ വല ഇറക്കാൻ കഴിയാതെ വരുന്നതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാകും. വീശുവല, ചീനവല, നീട്ടുവല, കക്കവാരൽ തുടങ്ങിയ പരമ്പരാഗത മത്സ്യബന്ധന രീതികൾ നിലയ്ക്കുന്ന സ്ഥിതി വരും. മൂന്നോ നാലോ മാസങ്ങൾ വരെ ഈ പ്രതിസന്ധി നിലനിൽക്കാനാണ് സാധ്യത. 

പറവൂരും സമീപ പഞ്ചായത്തുകളും ഒട്ടേറെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന മേഖലകളാണ്.  പായൽ നിറഞ്ഞ പുഴയിലൂടെ ചെറുവഞ്ചികൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടും. വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞു നല്ലവെള്ളം ആകുമ്പോഴാണു പായൽ ഉണ്ടാകുക. മഴ മാറി ഉപ്പിന്റെ അംശം കൂടുമ്പോൾ പായൽ ഉണങ്ങും.  പായൽ പച്ചയായിരിക്കുമ്പോൾ അൽപം പ്രയാസപ്പെട്ട് ഉപരിതലത്തിലുള്ളതു വകഞ്ഞുമാറ്റി വലയിടാം. പായൽ ചീഞ്ഞു താഴേക്ക് ഇറങ്ങിയാലാണു കൂടുതൽ പ്രശ്നം. പുഴയുടെ അടിത്തട്ടിലേക്കു പോകാതെ ഇടത്തട്ടിൽ കിടക്കും. വലയിറക്കിയാൽ മത്സ്യത്തേക്കാളേറെ പായലായിരിക്കും കിട്ടുക. പായൽ ശല്യം മൂലം തൊഴിൽ നഷ്ടപ്പെടുന്ന  മത്സ്യത്തൊഴിലാളികൾക്കു സഹായം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.

English Summary:

Invasive aquatic weed growth in Kerala's inland waterways, including the Periyar River, is reaching alarming levels. This poses a significant threat to fishing activities and the livelihood of local fishermen who rely on traditional fishing methods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com