ADVERTISEMENT

കൊച്ചി∙ നിരന്തര പരിശ്രമത്തിനൊടുവിൽ എത്തിയ മെമുവിന്റെ വരവ് ആഘോഷമാക്കി യാത്രക്കാർ. രാവിലെ കോട്ടയം വഴി എറണാകുളത്തേക്കുള്ള ശ്വാസം മുട്ടിയുള്ള യാത്രയ്ക്കു പരിഹാരമായി എത്തിയ കൊല്ലം– എറണാകുളം മെമുവിന് വൻ സ്വീകരണമാണ് എല്ലാ സ്റ്റേഷനുകളിലും ഒരുക്കിയത്. തിങ്ങി നിറഞ്ഞ യാത്രക്കാരുമായിട്ടായിരുന്നു മെമുവിന്റെ ആദ്യയാത്ര. യാത്ര അവസാനിപ്പിച്ച എറണാകുളം ജംക്‌ഷനിലും ട്രെയിനിനു വൻ വരവേൽപ്പായിരുന്നു.കന്നിയാത്രയിൽ ഒട്ടേറെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടും എറണാകുളം ജംക്‌ഷനിൽ ഷെഡ്യൂൾ ചെയ്ത സമയത്തിനും 10 മിനിറ്റ് മുൻപേ, 9.20ന് മെമു എത്തി. എറണാകുളം ജംക്‌ഷൻ റെയിൽവേ മാനേജർ വർഗീസ് സ്റ്റീഫന്റെ ഓഫിസിലെത്തി യാത്രക്കാർ മധുരം വിതരണം ചെയ്തു.

കൊല്ലം മുതൽ നൂറുകണക്കിനു യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ പ്രേമചന്ദ്രനും ‌കൊല്ലത്ത് നിന്നു യാത്രക്കാരെ അനുഗമിച്ചു.ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ മധുര പലഹാര വിതരണവും ആർപ്പുവിളികളുമായാണു യാത്രക്കാർ മെമുവിനെ സ്വീകരിച്ചത്. സർവീസ് അനുവദിച്ച റെയിൽവേക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ഡിന്നിച്ചൻ ജോസഫിനെ യാത്രക്കാർ ആദരിച്ചു. ഓച്ചിറയിൽ പുതിയതായി സ്റ്റോപ്പ് അനുവദിച്ചതുപോലെ കാഞ്ഞിരമറ്റത്തും മെമുവിനു സ്റ്റോപ്പ് അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് ഉച്ചയ്ക്ക് 1.55 നുള്ള പരശുറാമിനും വൈകിട്ട് 5.20 നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള പരിഹരിക്കുന്ന വിധം എറണാകുളത്ത് നിന്ന് തിരിച്ചുള്ള സർവീസ് ക്രമീകരിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ.ലിയോൺസ് ആവശ്യപ്പെട്ടു.

English Summary:

The newly launched Kollam-Ernakulam MEMU train received a hero's welcome from enthusiastic passengers at every station. The train, a result of consistent passenger efforts, promises a comfortable commute and bridges a crucial gap in the existing train schedule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com