ഉയരപ്പാത നിർമാണം: ജപ്പാൻ ശുദ്ധജല പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങി
Mail This Article
അരൂർ∙ തുറവൂർ – അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന റാംപുകൾ വരുന്ന ഭാഗത്തെ ജപ്പാൻ ശുദ്ധജല പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ തുറവൂർ, കുത്തിയതോട്, ചന്തിരൂർ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലാണ് റാംപുകൾ വരുന്നത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ വില്ലേജുകളിലായി 177 സെന്റ് സ്ഥലമാണ് റാംപ് നിർമിക്കുന്നതിന് ഏറ്റെടുത്തിരിക്കുന്നത്. റാംപ് വരുന്ന ഭാഗങ്ങളിലുള്ള ജിആർപി പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ റാംപിന്റെ ജോലി തുടങ്ങാൻ കഴിയൂ.
അതിനാലാണ് റാംപിന്റെ ആദ്യ ജോലികൾ തുടങ്ങിയ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ജിആർപി പൈപ്പുകൾ മാറ്റി ഡിഐ (ഡെക്ലൈൻ കാസ്റ്റ് അയൺ)പൈപ്പുകൾ സ്ഥാപിക്കുന്നത്. ജിആർപി പൈപ്പുകൾ മാറ്റി ഡിഐ പൈപ്പ് സ്ഥാപിക്കുന്നതിലൂടെ നിരന്തരം പൈപ്പ് പൊട്ടുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. പൈലിങ് ജോലികളും, ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മർദത്തിലും പലയിടങ്ങളിലും ജിആർപി പൈപ്പുകൾ പൊട്ടുന്നത് പതിവായിരുന്നു. കുത്തിയതോട് സ്ഥാപിക്കുന്ന റാംപിന്റെ വശങ്ങളിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി 60 ശതമാനം പൂർത്തിയായി. നിലവിൽ ജല വിതരണം നടത്തുന്ന പ്രധാന പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന ജോലിയാണുള്ളത്. ജലവിതരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഉയരപ്പാത നിർമാണ കരാർ കമ്പനിയാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്.