ADVERTISEMENT

കൊച്ചി∙ വിൽപനാനന്തര സേവനം നിഷേധിക്കുകയും ആവശ്യമായ സ്പെയർ പാർട്സ് വിപണിയിൽ ലഭ്യമാക്കാതെയും വ്യാപാരം നടത്തിയ ബൈക്ക് നിർമാതാവും ഡീലറും വിലയും നഷ്ടപരിഹാരവും കോടതി ചെലവും (5.39 ലക്ഷം രൂപ) പരാതിക്കാർക്ക് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളം സ്വദേശികളായ വി.പ്രശാന്ത്, ജയ്ചന്ദ്ര മേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇടപ്പള്ളിയിലെ ബൈക്ക് ഡീലർക്കും ഡൽഹി ആസ്ഥാനമായുള്ള ബൈക്ക് നിർമാതാവിനുമെതിരെയാണ് പരാതി.

2.9 ലക്ഷം രൂപയ്ക്കാണ് പരാതിക്കാർ ബൈക്കുകൾ വാങ്ങിയത്. സ്റ്റാർട്ടിങ് പ്രശ്നം ഉൾപ്പെടെ പല തകരാറുകളും തുടക്കം മുതൽ ഉണ്ടായിരുന്നു. അമിത ശബ്ദം, ചൂട്, പെട്ടെന്ന് അപകടകരമായ രീതിയിൽ നിന്നുപോകുക തുടങ്ങിയ തകരാറുകളും ഉണ്ടായി. ബി.എസ്4 ഫ്യുവൽ ഇൻജക്‌ഷനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കാർബറേറ്റർ സാങ്കേതിക വിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പരാതിക്കാർക്ക് ബോധ്യപ്പെട്ടു. 

തുടർന്ന് സർവീസ് നൽകാൻ എതിർകക്ഷി വിസമ്മതിക്കുകയും ബൈക്കിന്റെ എട്ടാം സർവീസ് ആയതോടെ ആവശ്യമായ പാർട്സ് വിപണിയിൽ ലഭ്യമല്ലാതാകുകയും ചെയ്തു. വാറന്റി കാലയളവിനുള്ളിലാണ് ഇത് സംഭവിച്ചത്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെയാണ്. ബൈക്കിന്റെ നിർമാണത്തിൽ ന്യൂനത കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമം എതിർകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ബൈക്കിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണു പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.

നിർമാണത്തിലെ ന്യൂനതയാണ് യഥാർഥ കാരണമെന്ന് ഡീലർ കമ്മിഷനെ ബോധിപ്പിച്ചു. കമ്പനിയുടെ തെറ്റായ നടപടികൾ മൂലം സ്ഥാപനം തന്നെ അടച്ചു പൂട്ടിയ സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിർമാണത്തിലെ ന്യൂനത മൂലമുള്ള ബൈക്കിന്റെ തകരാറിന് ഡീലർ ഉത്തരവാദി അല്ലെന്നും നിർമാതാക്കളാണ് പരിഹരിക്കേണ്ടതെന്നും ഡീലർ വ്യക്തമാക്കി.

സ്പെയർപാർട്സുകൾ വിപണിയിൽ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉൽപന്നം ഉപയോഗശൂന്യമാകുന്നുവെന്ന് കമ്മിഷൻ വിലയിരുത്തി. ഇത് അധാർമികമായ വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിന്റെ ലംഘനം കൂടിയാണ്. എതിർകക്ഷിയുടെ പ്രവർത്തികൾ ധനനഷ്ടവും മനഃക്ലേശവും പരാതിക്കാർക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ എതിർകക്ഷികൾ തകരാറുകൾ ഇല്ലാത്ത പുതിയ ബൈക്കുകൾ പരാതിക്കാർക്ക് മാറ്റിനൽകുകയോ, ബൈക്കിന്റെ വിലയായ 2,09,750 രൂപ വീതം തിരികെ നൽകുകയോ ചെയ്യണമെന്നും അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഉമർ ഫാറൂഖ് ഹാജരായി.

English Summary:

Two bike owners in Ernakulam won a case against the manufacturer and dealer for failing to provide proper after-sales service and spare parts for their defective bikes. The Consumer Disputes Redressal Commission ordered the companies to refund the bike price, compensate the customers, and cover court costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com