ADVERTISEMENT

ഫോർട്ട്കൊച്ചി ∙ മലയാള ലിപി ആദ്യമായി അച്ചടിച്ച ‘ഹോർത്തൂസ് മലബാറിക്കുസിന്റെ’ ഈറ്റില്ലമായ ഹോർത്തൂസ്പടിയിൽ നിന്നു ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷര പ്രയാണത്തിനു ജില്ലയിൽ തുടക്കം. ചരിത്രഗവേഷകനായ മുൻ മേയർ കെ.ജെ. സോഹൻ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. മലയാള സിനിമയിലെ ആദ്യകാല നായകനും നിർമാതാവും നടനും സംവിധായകനും എഴുത്തുകാരനുമായ തോമസ് ബെർളി ഹോർത്തൂസ്പടിയുടെ ചരിത്രം വിവരിച്ചു. പശ്ചിമഘട്ട മലനിരകളിലെയും കേരളതീരത്തെയും ഔഷധച്ചെടികളെയും വാണിജ്യമൂല്യമുള്ള സസ്യങ്ങളെയും രേഖപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതു പോർച്ചുഗീസുകാരാണ്.

horthus-new-jpeg

അതിനായി ഇത്തരം സസ്യജാലങ്ങളുടെ സാംപിളുകൾ ശേഖരിച്ചു നട്ടുപ്പിടിപ്പിച്ച തോട്ടമാണു ഫോർട്ട്കൊച്ചിയിലെ ഹോർത്തൂസ്. ലത്തീൻഭാഷയിൽ തോട്ടം എന്ന് അർഥം വരുന്ന ഹോർത്തൂസിൽ നിന്നാണ് ഇന്ന് ‘ഓടത്തപ്പടി’യെന്നു വിളിക്കുന്ന ഹോർത്തൂസ്പടിയുണ്ടായത്. പിന്നീടു കേരളത്തിലെത്തിയ ഡച്ച് ഗവർണർ ഹെൻഡ്രിക് വാൻ റീഡിന്റെ കാലത്താണു മലയാള ലിപി ആദ്യമായി അച്ചടിച്ച കൃതിയായ ഹോർത്തൂസ് മലബാറിക്കുസിന്റെ രചന യാഥാർഥ്യമായത്. ഇന്നത്തെ ഓടത്തപ്പടിയിൽ പഴയ തോട്ടം കവാടത്തിലെ ഒരു കൽത്തൂൺ 346 വർഷങ്ങൾക്കു ശേഷവും അവശേഷിക്കുന്നുണ്ട്. ഇതിനു മുന്നിൽ നിന്നാണു മലയാള മനോരമയുടെ അക്ഷരോത്സവമായ ‘ഹോർത്തൂസിന്റെ’ ജില്ലാതല അക്ഷരപ്രയാണത്തിന് ഇന്നലെ തുടക്കം കുറിച്ചത്.

 എഴുത്തുകാരനും പ്രഭാഷകനുമായ എം.വി. ബെന്നി, എഴുത്തുകാരനും ലൈബ്രറി കൗൺസിൽ അംഗവുമായ ജോൺ ഫെർണാണ്ടസ്, ഫോർട്ട്കൊച്ചി സോൺ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസറും എഴുത്തുകാരനുമായ ബോണി തോമസ്, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബാലാൽ, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് മലയാള മനോരമ  ചീഫ് ന്യൂസ് എഡിറ്റർ ആർ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. സെന്റ് തെരേസാസ്, എസ്എച്ച് കോളജ്, ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസ്, ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിൽ അക്ഷരപ്രയാണത്തിനു സ്വീകരണം നൽകി

അക്ഷരപ്രയാണം ഇന്ന്
കൊച്ചി ∙ അക്ഷരപ്രയാണത്തിന്റെ  രണ്ടാംദിന യാത്ര ഇന്ന് എറണാകുളം സുഭാഷ് പാർക്കിൽനിന്നാരംഭിക്കും. രാവിലെ 9നു മേയർ എം. അനിൽകുമാർ  ഫ്ലാഗ് ഓഫ് ചെയ്യും. കാലടി ശ്രീ ശാരദ വിദ്യാലയമാണ് ഇന്നത്തെ ആദ്യ സ്വീകരണ വേദി. രാവിലെ 11നു ശ്രീ ശാരദ വിദ്യാലയത്തിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ശ്രീ ശാരദ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ എന്നിവരിൽനിന്നു മനോരമ പ്രതിനിധി ഹോർത്തൂസ് സാഹിത്യ– സാംസ്കാരികോത്സവ വേദിയിൽ സ്ഥാപിക്കാനുള്ള അക്ഷരമാതൃക സ്വീകരിക്കും. ഉച്ചയ്ക്കു 2.30ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ‌ പ്രിൻസിപ്പൽ പ്രഫ. ഡോ. മിലൻ ഫ്രാൻസ്, മാനേജർ സിസ്റ്റർ ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ പ്രയാണത്തെ സ്വീകരിക്കും. 

അക്ഷരപ്രയാണത്തിന്റെ ജില്ലയിലെ ഫ്ലാഗ്ഓഫ് ചടങ്ങിൽ  ആദ്യകാല സിനിമാ നടനും നിർമാതാവും സംവിധായകനും എഴുത്തുകാരനുമായ തോമസ് ബെർളി പ്രസംഗിക്കുന്നു.
അക്ഷരപ്രയാണത്തിന്റെ ജില്ലയിലെ ഫ്ലാഗ്ഓഫ് ചടങ്ങിൽ ആദ്യകാല സിനിമാ നടനും നിർമാതാവും സംവിധായകനും എഴുത്തുകാരനുമായ തോമസ് ബെർളി പ്രസംഗിക്കുന്നു.

കവിയും വിവർത്തകനുമായ വേണു വി. ദേശം ചടങ്ങിൽ വിശിഷ്ടാതിഥിയാകും. പ്രിൻസിപ്പൽ മനോരമ പ്രതിനിധിക്ക് അക്ഷര മാതൃക കൈമാറും. വൈകിട്ട് 4.30നു പ്രയാണം പറവൂരിലെത്തും. കേസരി എ. ബാലകൃഷ്ണപിള്ള സ്മൃതി മണ്ഡലം സ്ഥിതി ചെയ്യുന്ന മാടവനപ്പറമ്പിലാണു (കേസരി ആർട്സ് ആൻഡ് സയൻസ് കോളജ്) പ്രയാണം എത്തുക. അക്ഷരമാതൃക സ്വീകരിക്കുന്നതോടെ പ്രയാണത്തിന്റെ ജില്ലയിലെ പര്യടനം സമാപിക്കും. തുടർന്ന്  തൃശൂർ ജില്ലയിൽ പ്രവേശിക്കും. മലയാള മനോരമ കോഴിക്കോട്ട് നവംബർ 1,2,3 തീയതികളിലാണു ഹോർത്തൂസ് സംഘടിപ്പിക്കുന്നത്

‘ഹോർത്തൂസ്’  അക്ഷരപ്രയാണത്തിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നൽകിയ സ്വീകരണത്തിൽ ബിഎ ഭരതനാട്യം രണ്ടാം വർഷ വിദ്യാർഥികൾ അവതരിപ്പിച്ച, മുരുകൻ കാട്ടാക്കടയുടെ ‘കനൽപ്പൊട്ട്’ എന്ന കവിതയുടെ നൃത്താവിഷ്കാരം.
‘ഹോർത്തൂസ്’ അക്ഷരപ്രയാണത്തിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നൽകിയ സ്വീകരണത്തിൽ ബിഎ ഭരതനാട്യം രണ്ടാം വർഷ വിദ്യാർഥികൾ അവതരിപ്പിച്ച, മുരുകൻ കാട്ടാക്കടയുടെ ‘കനൽപ്പൊട്ട്’ എന്ന കവിതയുടെ നൃത്താവിഷ്കാരം.

നൃത്തച്ചുവടുകളുമായി സെന്റ് തെരേസാസ് 
കൊച്ചി ∙ കവിതയുടെ മഴവില്ല് ചാലിച്ച്  നൃത്തത്തിന്റെ മയൂരഭംഗിയുമൊരുക്കി സെന്റ് തെരേസാസ് കോളജ് ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായെത്തിയ അക്ഷരപ്രയാണത്തെ വരവേറ്റു. കലയുടെ കാൽച്ചിലമ്പ് മുഴങ്ങുന്ന തെരേസാസിന്റെ നടുമുറ്റത്ത് അക്ഷരോത്സവത്തെ ആദരപൂ‍ർവം പെൺകലാലയം സ്വകീരിച്ചു. ശതാബ്ദി ആഘോഷിക്കുന്ന കോളജ് ഒന്നാകെ സ്വീകരണത്തിൽ അണിചേർന്നു.  കോളജിലെ ബിഎ ഭരതനാട്യം രണ്ടാം വർഷ വിദ്യാർഥികൾ അവതരിപ്പിച്ച, മുരുകൻ കാട്ടാക്കടയുടെ ‘കനൽപ്പൊട്ട്’ എന്ന കവിതയുടെ നൃത്താവിഷ്കാരത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.

പ്രൊവിൻഷ്യൽ സുപ്പീരിയറും കോളജ് മാനേജരുമായ സിസ്റ്റർ ഡോ. വിനീതയിൽ നിന്നു മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് റോസമ്മ ചാക്കോ അക്ഷര മാതൃക ഏറ്റുവാങ്ങി. മലയാളം പിജി വിദ്യാർഥി ഭദ്ര ജി. നായർ ഒഎൻവിയുടെ ‘അമ്മ’ എന്ന കവിത ആലപിച്ചു. എം.ആർ. വെണ്ണില, നന്ദന ജോസൺ, ചിത്ര കെ. നായർ, ആവണി മനോജ്, നയന മുരളി, കെ.ബി. അഞ്ജലി, പി.വി. അഭിരാമി, എസ്.എസ്. ശ്രീലക്ഷ്മി, ജെ.എസ്. ദേവീകൃഷ്ണ, എസ്. സ്നേഹ, എം.പി. മേഘപ്രിയ എന്നിവരാണു നൃത്തം അവതരിപ്പിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സുചിത  പ്രസംഗിച്ചു.

‘ഹോർത്തൂസ്’  അക്ഷരപ്രയാണത്തിന് കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ‍‌ നൽകിയ സ്വീകരണത്തിൽ ന‍ൃത്തം അവതരിപ്പിക്കുന്ന വിദ്യാർഥികൾ.
‘ഹോർത്തൂസ്’ അക്ഷരപ്രയാണത്തിന് കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ‍‌ നൽകിയ സ്വീകരണത്തിൽ ന‍ൃത്തം അവതരിപ്പിക്കുന്ന വിദ്യാർഥികൾ.

ഹൃദയം തൊട്ട് തേവര എസ്എച്ച് കോളജ്
യുവതയുടെ തുടിപ്പും ഓജസ്സും നിറഞ്ഞ വരവേൽപ് ഏറ്റുവാങ്ങി ഹോർത്തൂസ് അക്ഷരപ്രയാണം തേവര സേക്രഡ് ഹാർട്ട് കോളജിലെത്തിയപ്പോൾ മാധുര്യമേറിയ കവിതകളിലൂടെയാണു ക്യാംപസ് സ്വീകരിച്ചത്. പി.എസ്. അഞ്ജന ചൊല്ലിയ, കവി വിജയലക്ഷ്മിയുടെ ‘തച്ചന്റെ മകൾ’ എന്ന കവിതയോടെ ആയിരുന്നു പരിപാടിക്കു തുടക്കം. കോളജ് പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജുവിൽ നിന്നു മലയാള മനോരമ പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റനൻസ് ഡപ്യൂട്ടി ജനറൽ മാനേജർ ബിനോയ് തോമസ് അക്ഷരമാതൃക ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിച്ചു. വിദ്യാർഥികളായ എസ്.ആർ. ശ്രീനിധി, എ.വി. കൃഷ്ണ, ഗൗതമി എന്നിവർ നൃത്തം അവതരിപ്പിച്ചു. ബി. കൃഷ്ണേന്ദു കവിത ചൊല്ലി.

ചങ്ങമ്പുഴയുടെ കവിത ചൊല്ലി സ്വീകരണം 
കവി ചങ്ങമ്പുഴയുടെ ജന്മദേശമായ ഇടപ്പള്ളിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്കിൽ  സ്വീകരണ പരിപാടി  പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സി.കെ. ശിവാനന്ദൻ, പ്രഫ. എം.കെ. സാനുവിൽ നിന്ന് അക്ഷരമാതൃക ഏറ്റുവാങ്ങി.

അക്ഷരപ്രയാണത്തിന് തേവര സേക്രഡ് ഹാർട്ട് കോളജിൽ നൽകിയ സ്വീകരണത്തിൽ പി.എസ്. അഞ്ജന കവിത ചൊല്ലുന്നു.
അക്ഷരപ്രയാണത്തിന് തേവര സേക്രഡ് ഹാർട്ട് കോളജിൽ നൽകിയ സ്വീകരണത്തിൽ പി.എസ്. അഞ്ജന കവിത ചൊല്ലുന്നു.

വിദ്യാർഥികളായ അനുഷ്ക ഐറിസ്, ആരാധ്യ വിനു എന്നിവർ കവി ചങ്ങമ്പുഴയുടെ കവിത ചൊല്ലി അക്ഷരപ്രയാണത്തിനു കാവ്യഭംഗിയേറ്റി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ്, സിഐസിസി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ എത്തിയ അക്ഷരപ്രയാണത്തിൽ ഇടപ്പള്ളി ഗവ. യുപി സ്കൂൾ വിദ്യാർഥിനികളായ ആരാധ്യ വിനുവും അനുഷ്ക ഐറിസും ചേർന്ന് കവിത ആലപിക്കുന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ എത്തിയ അക്ഷരപ്രയാണത്തിൽ ഇടപ്പള്ളി ഗവ. യുപി സ്കൂൾ വിദ്യാർഥിനികളായ ആരാധ്യ വിനുവും അനുഷ്ക ഐറിസും ചേർന്ന് കവിത ആലപിക്കുന്നു.

ജെയിൻ ക്യാംപസിൽ  അടിപൊളി വൈബ്
കേരളത്തിന്റെ ഐടി തലസ്ഥാനമായ കാക്കനാട് ഇടച്ചിറ ഇൻഫോ പാർക്കിനെ തൊട്ടുനിൽക്കുന്ന ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ഹോർത്തൂസ് അക്ഷരപ്രയാണത്തിനു നൽകിയത് ഹൈവോൾട്ടേജ് വരവേൽപ്. നൃത്തച്ചുവടുകളോടെ ആയിരുന്നു സ്വീകരണം. ജെയിൻ യൂണിവേഴ്സിറ്റി പ്രോ– വൈസ് ചാൻസലർ ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് എന്നിവരിൽ നിന്നു മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ ബി. ബാലഗോപാൽ,  അക്ഷരമാതൃക ഏറ്റുവാങ്ങി. വിദ്യാർഥികളായ ആദിത്യ, നിസി, ചെൽസിയ, റിദ്ദിമ, ശിവാനി, ഐശ്വര്യ, വിശാഖ, അതുൽ, റിനീഷ്, ജോയൽ, ഗൗതമി എന്നിവർ ചേർന്നു ചടുല നൃത്തം അവതരിപ്പിച്ചു. മലയാളത്തിന്റെ സുഗതകുമാരിയുടെ കവിത അധ്യാപിക ശ്രീക്കുട്ടി അവതരിപ്പിച്ചു. നാടൻപാട്ടുകളുടെ ശീലുമായി പരിപാടിയിലെത്തിയത് എസ്തർ കെന്നി, മേരി സിഫ്ന, അമർത്യ ബിജു, കെവിൻ അലക്സ്, അനു ലക്ഷ്മി, അനുശ്രീ, അഞ്ജന എന്നിവരാണ്. അധ്യാപകൻ കോര കൗളിക് പ്രസംഗിച്ചു. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Hortus Literary and Cultural Festival celebrates the historical significance of 'Hortus Malabaricus', the pioneering work documenting the medicinal plants of the Western Ghats and Kerala coast. This article highlights the festival's unique journey retracing the footsteps of history, starting from Hortus Gate, the birthplace of 'Hortus Malabaricus'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com