ADVERTISEMENT

കാലടി ∙ അറിവിന്റെ പൊരുൾ തേടി ഹിമാലയമേറിയ ശങ്കരാചാര്യരുടെ പാദസ്പർശം കൊണ്ട് പുണ്യമായ കാലടിയിലായിരുന്നു ജില്ലയിൽ അക്ഷരപ്രയാണത്തിന്റെ രണ്ടാം ദിനത്തിലെ ആദ്യ സ്വീകരണം. കേരളത്തനിമയുടെ മലയാള അഴകിൽ ചെണ്ടമേളവും താലപ്പൊലിയുമായാണു കാലടി ശ്രീ ശാരദ വിദ്യാലയയിലേക്ക് അക്ഷരപ്രയാണത്തെ സ്കൂൾ ഒന്നാകെ സ്വീകരിച്ചാനയിച്ചത്. വിദ്യാർഥികൾ ചേർന്നു കഥകളിയും തെയ്യവും മോഹിനിയാട്ടവും ചാക്യാർകൂത്തും വേലകളിയുമെല്ലാം വർണം ചാലിച്ചെഴുതിയ സ്കൂൾ ക്യാംപസിൽ കൂറ്റൻ അക്ഷരമരവും ഒരുക്കിയിരുന്നു. 

hortus-sponsors

‘ധന്യമെൻ മലയാളം’ എന്ന പേരിൽ മലയാളത്തിന്റെ സാഹിത്യപ്രതിഭകളുടെ ചിത്രങ്ങളും അവരുടെ രചനാഭാഗങ്ങളും ചേർത്ത് സ്കൂൾ അധികൃതർ ഒരുക്കിയ പ്രദർശനവും അക്ഷരപ്രയാണത്തെ ജ്വലിപ്പിച്ചു. ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ മാനേജർ എൻ.ശ്രീനാഥ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ് എന്നിവരിൽ നിന്നു മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ എസ്.രമേഷ് അക്ഷരമാതൃക ഏറ്റുവാങ്ങിയത് സ്കൂളിലെ നിറഞ്ഞ കയ്യടിക്കിടെ. എഴുത്തുകാരൻ സനൽ പോറ്റി, വിദ്യാർഥി പ്രതിനിധികളായ കെ.ആർ.മധുമിത, ദിയ ദിലീപ് എന്നിവർ പ്രസംഗിച്ചു. 

ആശാനും ഉള്ളൂരും വള്ളത്തോളും മാധവിക്കുട്ടിയും  തുടങ്ങി  മലയാള സാഹിത്യലോകത്തെ പ്രതിഭകളുടെ വേഷപ്പകർച്ചയോടെയും അണിനിരന്നപ്പോൾ സ്കൂൾ വലിയൊരു കഥാപരിസരമായി മാറി. ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യുടെ ഗാനാവിഷ്കാരം കാതിനിമ്പമായി. പ്രതികാരത്തിൽ ജ്വലിച്ച നീലിയും കൂട്ടരും നൃത്താവിഷ്കാരത്തിന്റെ തീ പടർത്തി.  പാലാ നാരായണൻ നായരുടെ ‘ആവണിപ്പൂനിലാവിൽ’ എന്ന കവിത ധ്വനിയും അയ്യപ്പപ്പണിക്കരുടെ ‘അഗ്നിപൂജ’ എന്ന കവിതയിലെ ഭാഗങ്ങൾ ശിവാനിയും ചൊല്ലിയാണ് അക്ഷരപ്രയാണത്തെ യാത്രയാക്കിയത്.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Aksharaprayanam, a literary journey, enthralled Kalady with vibrant celebrations of Kerala's cultural heritage. From traditional performances to inspiring speeches and a captivating exhibition, the event honored Malayalam literature and the legacy of Adi Shankaracharya. The journey concluded with a glimpse of the upcoming Manorama Hortus International Literary and Cultural Festival in Kozhikode.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com