ADVERTISEMENT

വൈപ്പിൻ∙ എരിയുന്ന വയറുകൾക്കായി എളങ്കുന്നപ്പുഴ കപ്പിത്താംപറമ്പിൽ വീട്ടിലെ അടുപ്പ് പുകഞ്ഞു തുടങ്ങിയിട്ട് വർഷം 20 പിന്നിടുന്നു. പുലർച്ചെ ഒരു മണിക്ക് എഴുന്നേറ്റ് ഒരിക്കലും കണ്ടിട്ടില്ലാത്തവർക്കായി വീട്ടുകാരി ഷിനി ചോറു പൊതിഞ്ഞു തുടങ്ങിയിട്ട് അത്രയും കാലമായി. വെള്ളപ്പൊക്കവും കോവിഡും തളർത്തിയിട്ടും ഇടറാത്ത പുണ്യ ദൗത്യത്തിൽ എല്ലാ പിന്തുണയുമായി ഭർത്താവ് ജോൺസനും ഒപ്പമുണ്ട്. തെരുവിലലയുന്ന ഒരുപാട് പേരെ വർഷങ്ങളായി വയറുനിറയെ ഊട്ടുകയാണ് ഇരുവരും. പണ്ടൊരിക്കൽ വീടിനടുത്തുള്ള പള്ളിമുറ്റത്ത് കണ്ടുമുട്ടിയ യാചകരുടെ മുഖങ്ങളിലെ വിശപ്പ് ഉള്ളുലച്ചതാണ് തുടക്കമെന്ന് ജോൺസൺ ഓർക്കുന്നു.

സമീപത്തെ ചായക്കടയിൽ കൊണ്ടു പോയി അവർക്കു ഭക്ഷണം വാങ്ങിക്കൊടുത്തു. ആ മുഖങ്ങളിൽ കണ്ട തെളിച്ചം ഈ ദമ്പതികൾക്ക് പുതിയൊരു വെളിച്ചമായി. പിന്നീടുള്ള ഞായറാഴ്‌ച കളിൽ വീട്ടിൽ കഴിയുന്നത്ര പൊതിച്ചോർ ഒരുക്കി വഴിയരികിലെ ആരോരുമില്ലാത്തവരെ കണ്ടെത്തി നൽകി. ഇന്നും അത് തുടരുന്നു. നേരത്തെ ആഴ്ചയിലൊരിക്കലായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും എന്ന വ്യത്യാസം മാത്രം. 

പുലർച്ചെ ഒരു മണിക്ക് 150 പേർക്കുള്ള അരി കഴുകി അടുപ്പത്തിട്ടാണ് ഈ വീടുണരുക. ഭക്ഷണപ്പൊതിയിൽ എല്ലാ ദിവസവും മീൻ കറി ഉണ്ടായിരിക്കണമെന്ന് ഷിനിക്ക് നിർബന്ധമുണ്ട്. ഒപ്പം ഒരു പച്ചക്കറിയും അച്ചാറും. 11.30ന് തുടങ്ങുന്ന ഭക്ഷണവിതരണം ഉച്ചയ്‌ക്ക് 3 വരെ നീളും. നല്ല വാക്കു പറയുന്നവരും പലപ്പോഴും പണം കൊണ്ട് സഹായിക്കാാറില്ല. എങ്കിലും തുടക്കം മുതൽ പിന്തുണയുമായി സുമനസ്സുകൾ ഒപ്പമുണ്ട്. 

വയർ നിറഞ്ഞാലും മനസ് നിറയാത്തവരും തെരുവിലുണ്ടെന്നാണ് ഷിനിയുടെ അനുഭവം. പൊതി വാങ്ങുന്നവരിൽ ചിലർക്ക് ഒന്നുകെട്ടിപ്പിടിക്കണം. മുഖത്തൊരു ഉമ്മ വേണം. ചിലർക്കു തലയിൽ കൈവെച്ച് പ്രാർഥിക്കണം. ആരെയും നിരാശരാക്കാറില്ല. വർഷങ്ങളായി ശയ്യാവലംബിയായി കഴിയുന്ന ജിസ്‌ന, ജൂലിയറ്റ്, ജോഷ്‌ന എന്നിവരാണ് ഇവരുടെ മക്കൾ.

English Summary:

For two decades, Shinie and Johnson have been a beacon of hope for the hungry in Elangunnapuzha, Kerala. This inspiring couple cooks and distributes meals daily, driven by an unwavering commitment to serving their community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com