അലക്സാണ്ടർ പറമ്പിത്തറ പാലം: ടാറിങ് പൂർത്തിയായി; ശനിയാഴ്ച തുറന്നേക്കും
Mail This Article
കുണ്ടന്നൂർ ∙ തേവര– വെല്ലിങ്ടൻ ദ്വീപ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിലെ സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ് ഇന്നലെ വൈകിട്ട് പൂർത്തിയായി. സെറ്റാകാൻ ഒരു ദിവസം വേണം. പാലത്തിന്റെ വെല്ലിങ്ടൻ ദ്വീപിന്റെ ഭാഗത്തെ അപ്രോച്ച് ബലപ്പെടുത്തേണ്ടതുണ്ട്. ടാറിങ് സെറ്റാകാൻ ഉള്ളതിനാൽ ഇന്ന് ഒരു വാഹനവും പാലത്തിലൂടെ വിടില്ല. യന്ത്രങ്ങൾ എല്ലാം തേവര ഭാഗത്താണ്.
നാളെ അപ്രോച്ച് ബലപ്പെടുത്തിയതിനു ശേഷം പാലം തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എങ്കിലും കാലാവസ്ഥ ഒരു ഘടകമാണ്. ഇരു പാലങ്ങളുടെയും ഇടയിൽ തേവര ശാന്തിനഗർ ഭാഗത്തെ റോഡ് ഇന്ന് ടാർ ചെയ്യും. അലക്സാണ്ടർ പറമ്പിത്തറ പാലം തുറന്നു കൊടുത്താൽ വെണ്ടുരുത്തി പാലത്തിലെയും വാത്തുരുത്തിയിലേയും തിരക്ക് അൽപം കുറയ്ക്കാം.
കുണ്ടന്നൂർ പാലത്തിലെ ടാറിങ് തടഞ്ഞു
കുണ്ടന്നൂർ ∙ അലക്സാണ്ടർ പറമ്പിത്തറ പാലത്തിലേതു കഴിഞ്ഞതോടെ കുണ്ടന്നൂർ– തേവര പാലത്തിൽ വൈകിട്ട് ആരംഭിച്ച ടാറിങ് മരട് നഗരസഭ മുൻ ഉപാധ്യക്ഷൻ ബോബൻ നെടുംപറമ്പിലിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഏകദേശം 10 മീറ്റർ പണി തുടങ്ങിയപ്പോഴാണു തടഞ്ഞത്. പാലത്തിന്റെ ഉപരിതലം പൂർണമായി ശുചിയാക്കാതെ ടാറിങ് നടത്തുന്നു എന്നാരോപിച്ചാണു തടഞ്ഞത്. അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ ഇങ്ങനെയാണ് ചെയ്തതെന്നും ബോബൻ ആരോപിച്ചു.
പാലത്തിന്റെ ഒരു വശം ഏകദേശം 500 മീറ്ററാണ് ദിവസവും സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ് ചെയ്യാനാകുക. അതനുസരിച്ച് പാലത്തിന്റെ ഉപരിതലം വൃത്തിയാക്കലും വേഗത്തിലാക്കണം. ഒരാഴ്ചയായിട്ടും കുണ്ടന്നൂർ പാലത്തിന്റെ പകുതി ഭാഗത്തെ ഉപരിതലം മാത്രമാണ് വൃത്തിയാക്കാനായത്. അതും ശരിയായ രീതിയിലല്ല നടക്കുന്നത് എന്നാണ് ആരോപണം.